മുംബൈ:രാജ്യത്ത് ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി പണം തട്ടുന്നത് വ്യാപകമായതോടെ ആധുനിക ചിപ്പോടു കൂടിയ നവീന കാര്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യണമെന്ന് റിസര്‍വ് ബാങ്ക് മറ്റ് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.പുതിയതായി ഇറക്കിയ ഉത്തരവനുസരിച്ച് ഈ വര്‍ഷം ഡിസംബര്‍ 31 വരെ മാത്രമേ പഴയ കാര്‍ഡുകള്‍ക്ക് പ്രാബല്യമുണ്ടാകൂ. മാഗ്നെറ്റിക്ക് സ്ട്രിപ്പ് ഉപയോഗിക്കുന്ന ഇപ്പോഴത്തെ ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി വിവരം ചോര്‍ത്തി തട്ടിപ്പ് നടക്കുന്നുവെന്ന പരാതി വ്യാപകമായതോടെയാണ് റിസര്‍വ് ബാങ്കിന്റെ പുതിയ നടപടി. വരുന്ന ഡിസംബര്‍ 31ന് മുന്‍പ് ചിപ്പ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇ.എം.വി കാര്‍ഡുകളിലേക്ക് മാറണമെന്നാണ് റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്.ഉത്തരവ് തദ്ദേശിയ കാര്‍ഡുകള്‍ക്കും രാജ്യന്തര കാര്‍ഡുകള്‍ക്കും ബാധകമായിരിക്കും.കാര്‍ഡുകള്‍ക്ക് ഡിസംബറിനു ശേഷവും നിരവധി വര്‍ഷം കാലവധിയുണ്ടെങ്കിലും പുതിയ ഉത്തരവ് അനുസരിച്ച് ഉപഭോക്താക്കള്‍ അതത് ശാഖകളില്‍നിന്ന് പുതിയ കാര്‍ഡുകള്‍ മാറ്റി വാങ്ങേണ്ടിവരും. നിലവില്‍ പ്രാബല്യത്തിലുള്ള മാഗ്‌നെറ്റിക് സ്ട്രിപ്പ് കാര്‍ഡുകളില്‍നിന്ന് വിവരങ്ങള്‍ ചോര്‍ത്താന്‍ എളുപ്പമാണെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. വിവരങ്ങള്‍ ശേഖരിക്കുന്നത് ചിപ്പിലാണെങ്കില്‍ വിവരങ്ങള്‍ കൂടുതല്‍ സുരക്ഷിതമായിരിക്കും എന്നാണ് വിദഗ്ധരുടെ അഭിപ്രായം.