Kerala, News

സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് ഏകീകരിച്ചു; നിരക്ക് ലംഘിച്ചാല്‍ പത്തിരട്ടി പിഴ;പരാതികള്‍ ഡിഎംഒ യെ അറിയിക്കാം

keralanews rate of treatment in private hospitals in the state has been consolidated penalty for violating the rate complaints can be reported to d m o

കൊച്ചി: സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികില്‍സ നിരക്ക് നിശ്ചയിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കോവിഡ് ചികിത്സയ്ക്ക് പരമാവധി പ്രതിദിനം ഈടാക്കാവുന്ന തുക 2910 രൂപയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികള്‍ അമിത വില ഈടാക്കുന്നു എന്ന പരാതികള്‍ ഉയരുന്നതിനിടെ ചികിത്സാചെലവ് കുറയ്ക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ഇടപെടലിനെ ഹൈക്കോടതി അഭിനന്ദിച്ചു.സ്വകാര്യ ആശുപത്രികള്‍ അമിത വില ഈടാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് നിരക്ക് നിശ്ചയിച്ച കാര്യം സംസ്ഥാനസര്‍ക്കാര്‍ ബോധിപ്പിച്ചത്. സാധാരണ ആശുപത്രികളിലെ ജനറല്‍ വാര്‍ഡില്‍ പ്രതിദിനം 2645 രൂപയാണ് നിരക്കായി നിശ്ചയിച്ചത്. ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും ഇതില്‍ ഉള്‍പ്പെടും. എന്‍എബിഎച്ച്‌ അംഗീകാരമുള്ള വലിയ ആശുപത്രികളില്‍ ജനറല്‍ വാര്‍ഡിന് 2910 വരെ രോഗികളില്‍ നിന്ന് ഈടാക്കാം. ഹൈ ഡിപ്പന്‍ഡന്‍സി വിഭാഗത്തില്‍ സാധാരണ ആശുപത്രിയില്‍ 3795 രൂപയും വലിയ ആശുപത്രികളില്‍ 4175 രൂപയുമാണ് നിരക്കായി നിശ്ചയിച്ചത്. വലിയ ആശുപത്രികളില്‍ ഐസിയുവിന് 8550 രൂപ വരെ ഈടാക്കാം. സാധാരണ ആശുപത്രികളില്‍ ഇത് പരമാവധി 7800 രൂപയാണ്. വലിയ ആശുപത്രികളില്‍ വെന്റിലേറ്റര്‍ സഹായത്തോടെയുള്ള ഐസിയുവിന് 15180 രൂപയാണ് നിരക്കായി നിശ്ചയിച്ചത്. സാധാരണ ആശുപത്രികളില്‍ ഇത് 13800 രൂപയാണെന്നും ഉത്തരവില്‍ പറയുന്നു.അതേസമയം, പിപിഇ കിറ്റിനും അമിത വിലയാണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നതെന്ന പരാതികളും ഉയര്‍ന്നിരുന്നു. ഇതിന് പരിഹാരമായി ജനറല്‍ വാര്‍ഡില്‍ രണ്ടു പിപിഇ കിറ്റ് മാത്രം മതിയെന്ന് ഉത്തരവില്‍ പറയുന്നു.അധിക നിരക്ക് ഈടാക്കുന്ന ആശുപത്രികള്‍ക്ക് നിശ്ചിത തുകയേക്കാള്‍ അധികമായി ഈടാക്കുന്ന തുകയുടെ പത്തിരട്ടി പിഴ ചുമത്തും. ചികിത്സാ നിരക്കുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാന്‍ അപ്പീല്‍ അതോറിറ്റിയെ നിയോഗിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.എന്നാല്‍ സര്‍ക്കാര്‍ ഉത്തരവിലെ പല നിര്‍ദേശങ്ങളും പ്രായോഗികം അല്ലെന്ന് സ്വകാര്യ ആശുപത്രികള്‍ കോടതിയെ അറിയിച്ചു. ആശുപത്രികള്‍ പറയുന്ന ചില കാര്യങ്ങള്‍ ശരിയാണ്. പക്ഷേ നിലവിലെ സാഹചര്യം അസാധാരണമാണെന്നും കോടതി നിരീക്ഷിച്ചു. സര്‍ക്കാര്‍ ഉത്തരവ് പാലിക്കാന്‍ ആശുപത്രികള്‍ക്ക് ബാധ്യതയുണ്ടന്നും കോടതി പറഞ്ഞു.

Previous ArticleNext Article