
കല്യാശ്ശേരി:പവിഴപ്പാമ്പ് എന്ന് അറിയപ്പെടുന്ന അപൂർവയിനം വിഷപ്പാമ്പിനെ കണ്ടെത്തി. പശ്ചിമഘട്ട മലനിരയിൽ മാത്രം അപൂർവമായി കണ്ടുവരുന്ന ബിബ്റോൺസ് കോറൽ സ്നേക് എന്ന പാമ്പിനെയാണ് ഇന്നലെ മയ്യിലിൽ പിടികൂടിയത്. ഓറഞ്ച് നിറത്തിൽ കറുത്ത വളയങ്ങളോടു കൂടിയുള്ള പാമ്പിൻകുഞ്ഞിനെയാണ് കണ്ടെത്തിയത്.50 സെ. മീറ്റർ മുതൽ 88 സെ. മീറ്റർ വരെ നീളം കാണും ഇവയ്ക്ക്. മയ്യിൽ പാവന്നൂർമൊട്ടയിലെ വീട്ടുപരിസരത്തു നിന്നു വനം വന്യജീവി വകുപ്പിലെ റാപ്പിഡ് റെസ്പോൺസ് ടീമിലെ വന്യജീവി സംരക്ഷകൻ റിയാസ് മാങ്ങാട് ആണ് പാമ്പിനെ കണ്ടെത്തിയത്.മണ്ണിനടിയിലും കാട്ടിലെ ഇലക്കൂടുകളുടെ അടിയിലുമാണ് ഇവ കൂടുതൽ സമയവും കഴിയുക.നല്ല മഴയുള്ളപ്പോൾ പുറത്തേക്കിറങ്ങും. രാത്രികാലങ്ങളിലാണ് ഇര തേടുന്നത്.ഇവ കടിച്ചാൽ ചികിത്സയ്ക്ക് ആന്റിവെനം ലഭ്യമല്ല. വിഷം നാഡീവ്യൂഹത്തിൽ പെട്ടെന്നു ബാധിക്കും.