ന്യൂഡല്‍ഹി: നോവല്‍ കൊറോണവൈറസിന് ജനിതകമാറ്റം സംഭവിച്ചതോടെ ബ്രിട്ടനില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതോടെ ബ്രിട്ടനിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസ് ഇന്ത്യ നിര്‍ത്തിവെച്ചു. ഡിസംബര്‍ 31വരെയാണ് സര്‍വീസുകള്‍ റദ്ദ് ചെയ്തിരിക്കുന്നത്. നാളെ അര്‍ധരാത്രി മുതലുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്.എന്നാല്‍ ബ്രിട്ടന്‍ ഉള്‍പ്പടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡ് അതിവേഗം പകരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. സര്‍ക്കാര്‍ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. കനത്ത ജാഗ്രത രാജ്യത്ത് പുലര്‍ത്തുന്നുമുണ്ട്. ബ്രിട്ടനില്‍ സംഭവിച്ച വൈറസിന്‍റെ ജനിതകമാറ്റവും അതിവേഗ രോഗവ്യാപനവും ഇന്ത്യയിലുണ്ടാകുമെന്ന പ്രചരണത്തില്‍ ആശങ്ക വേണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു.മുന്‍കരുതലുകളുടെ ഭാഗമായി ചൊവ്വാഴ്ച അര്‍ദ്ധ രാത്രിക്ക് മുൻപായി യു.കെയില്‍ നിന്നെത്തുന്ന എല്ലാ യാത്രക്കാരും വിമാനത്താവളത്തിലെത്തുമ്പോൾ നിര്‍ബന്ധിത ആര്‍ടി-പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു. ബ്രിട്ടന്‍ വഴി വരുന്ന വിമാന യാത്രികര്‍ക്കും പരിശോധന നിര്‍ബന്ധമാണ്. ജനിതക മാറ്റം വന്ന പുതിയ തരം കൊറോണ വൈറസിനെ ബ്രിട്ടനില്‍ കണ്ടെത്തിയത് വാര്‍ത്തയായിരുന്നു. ബ്രിട്ടന് പുറമെ, ഇറ്റലി, ഡെന്മാര്‍ക്ക്, നെതര്‍ലാന്‍ഡ്സ് എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലും ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലും നോവല്‍ കൊറോണവൈറസിന്‍റെ പുതിയ പതിപ്പിനെ കണ്ടെത്തിയിട്ടുണ്ട്. പുതിയ സംഭവവികാസത്തോടെ ബ്രിട്ടനില്‍ പ്രത്യേകിച്ചും ലണ്ടന്‍ നഗരത്തില്‍ ജാഗ്രത ശക്തമാക്കുകയും സമ്പൂർണ്ണ ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ബ്രിട്ടനില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് വിവിധ രാജ്യങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.