Kerala, Travel

സഞ്ചാരികളെ മാടിവിളിച്ച് റാണീപുരം, ‘കേരളത്തിന്റെ ഊട്ടി’

keralanews ranipuram ooty of kerala

കാസർകോഡ്:പ്രകൃതി സൗന്ദര്യം വഴിഞ്ഞൊരുകുന്ന കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണീപുരത്തേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു.കാസര്‍കോട് ജില്ലയിലാണ് റാണിപുരം സ്ഥിതി ചെയ്യുന്നത്.സുന്ദരമായ പച്ചപ്പുല്‍ത്തകിടികളിലൂടെ മനംമയക്കുന്ന മഴക്കാടുകള്‍ക്കിടയിലൂടെ ട്രെക്കിംഗ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും  റാണിപുരം ഒരു സ്വര്‍ഗമായിരിക്കും.നിരവധി സസ്യജന്തു വൈവിധ്യങ്ങളുടെ കലവറയാണ് റാണിപുരത്തെ വന്യജീവി സങ്കേതം. ഇവിടെ നിന്ന് ഒന്നര മണിക്കൂര്‍ യാത്ര ചെയ്താല്‍ കര്‍ണാടകയിലെ പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രമായ തലക്കാവേരിയില്‍ എത്താം.വേനല്‍കാലത്താണ് റാണിപുരത്തേക്ക് സഞ്ചാരികള്‍ അധികവും എത്താറുള്ളത്.എങ്കിലും ഈ വര്‍ഷമാണ് ഇവിടെ മണ്‍സൂണ്‍ ടൂറിസത്തിന് പ്രാധാന്യമേറിയത്. കാടിന്റെ ഇടവഴികളിലൂടെ പ്രകൃതി സൗന്ദര്യം ആസ്വദിച്ച്‌ മഴനനഞ്ഞ് റാണിപുരം കുന്നിന്റെ അത്യൂന്നതിയായ ‘മണിക്കുന്നി’ലേക്കുള്ള യാത്രയും മഴമാറിനില്‍ക്കുന്ന ഇടവേളകളില്‍ വീശിയെത്തുന്ന കോടമഞ്ഞും സഞ്ചാരികളുടെ മനംകുളിര്‍പ്പിക്കുന്നതാണ്.വൈവിധ്യമാര്‍ന്ന പൂമ്പാറ്റകൾ, അപൂര്‍വ്വങ്ങളായ കരിമ്പരുന്ത്, ചുള്ളിപരുന്തി,ചിലന്തിവേട്ടക്കാരന്‍ തുടങ്ങിയവയും റാണിപുരത്തിന്റെ മറ്റൊരു സവിശേഷതയാണ്.പ്രകൃതിദത്ത ഗുഹ,നീരുറവ,പാറക്കെട്ട് എന്നിവയെല്ലാം ഇവിടെയെത്തുന്ന സഞ്ചാരികളുടെ മനംകവരും.സമുദ്രനിരപ്പില്‍ നിന്ന് 750 അടി ഉയരത്തിലായാണ് റാണിപുരത്തിന്റെ കിടപ്പ്. പ്രകൃതി സ്നേഹികളുടെ ഇഷ്ടസ്ഥലമായ റാണിപുരത്ത് നിരവധി ട്രെക്കിംഗ് പാതകള്‍ ഉണ്ട്. ചെങ്കുത്തായ പാതകളിലൂടെ സഞ്ചരിച്ച്‌ വേണം ഇവിടെ ട്രെക്കിംഗ് നടത്താന്‍. റാണിപുരത്തിലെ കാലവസ്ഥ ഏകദേശം ഊട്ടിയോട് സമാനമാണ് അതിനാല്‍ കേരളത്തിലെ ഊട്ടിയെന്നും റാണിപുരം അറിയപ്പെടുന്നുണ്ട്.ട്രെക്കിംഗിലൂടെ മൊട്ടകുന്ന് കയറി മലമുകളില്‍ എത്തിയാല്‍ സുന്ദരമായ കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.

കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് നിന്ന് വളരെ എളുപ്പത്തില്‍ റാണിപുരത്ത് എത്തിച്ചേരാം. കാഞ്ഞങ്ങാട് നിന്ന് ഏകദേശം 48 കിലോമീറ്റര്‍ ദൂരമാണ് റാണിപുരത്തേക്കുള്ളത്. കാഞ്ഞങ്ങാട് നിന്ന് റാണിപുരത്തേക്ക് ബസ് സര്‍വീസുകള്‍ ലഭ്യമാണ്. കാഞ്ഞങ്ങാട് നിന്ന് പനത്തടിയില്‍ എത്തിയാല്‍ ജീപ്പ് സര്‍വീസുകളും ലഭ്യമാണ്. മടത്തുമല മടത്തുമല എന്നായിരുന്നു റാണിപുരം മുന്‍പ് അറിയപ്പെട്ടിരുന്നത്.1970 വരെ കണ്ടോത്ത് കുടുംബത്തിന്റെ സ്വത്തായിരുന്നു ഈ മല. എന്നാല്‍ 1970ല്‍ ഈ സ്ഥലം കോട്ടയം രൂപത വാങ്ങുകയായിരുന്നു. മടത്തുമല കോട്ടയം രൂപത ഏറ്റെടുത്തതിന് ശേഷമാണ് ഈ സ്ഥലം റാണിപുരം എന്ന് അറിയപ്പെട്ടുതുടങ്ങിയത്. ക്യൂന്‍ മേരി എന്ന കന്യാമറിയത്തിന്റെ ഇംഗ്ലീഷ് പേരിന്റെ മലയാള രൂപമാണ് റാണി. കന്യാമറിയത്തിന്റെ പേരില്‍ നിന്നാണ് ഈ സ്ഥലത്തിന് റാണിപുരം എന്ന പേരുണ്ടായത്.

Previous ArticleNext Article