തിരുവനന്തപുരം: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെതിരെ ഗുരുതര സാമ്പത്തിക ക്രമക്കേട് ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭ നവീകരണത്തിന്റെയും ആഘോഷത്തിന്റെയും പേരില്‍ സ്പീക്കര്‍ നാലര വര്‍ഷം കൊണ്ട് പൊടിച്ചത് 100 കോടിയിലേറെ രൂപയാണ്. സ്പീക്കറുടെ ധൂര്‍ത്തും അഴിമതിയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സംശയത്തിന്റെ നിഴല്‍ പോലും സ്പീക്കറുടെ മേല്‍ വീഴുന്നത് ജനാധിപത്യത്തെ കളങ്കപ്പെടുത്തും. എന്നാല്‍ അടുത്ത കാലത്ത് നമ്മുടെ സ്പീക്കറെ സംബന്ധിച്ച് മോശപ്പട്ട വാര്‍ത്തകളാണ് പുറത്തുവരുന്നത്.സത്യം പുറത്തുവരേണ്ടത് അനിവാര്യമാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണത്തില്‍ സ്പീക്കറോ മുഖ്യമന്ത്രിയോ സത്യം പറയുമെന്നാണ് കരുതിയത്. ഉന്നതര്‍ ആരാണെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്ന ആവശ്യവും നടന്നിട്ടില്ല. മാധ്യമങ്ങളെ കാണാന്‍ സ്പീക്കര്‍ക്ക് കഴിയാതിരുന്നത് അദ്ദേഹത്തിന്റെ കുറ്റബോധം മൂലമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് നട്ടംതിരിയുമ്പോൾ നിര്‍ലജ്ജം അഴിമതി നടത്തുന്ന നടപടിയാണ് നിയമസഭയില്‍ നടന്നിരിക്കുന്നത്. സ്പീക്കര്‍ക്കെതിരെ നിരവധി ആരോപണങ്ങളും കണക്കുകള്‍ നിരത്തി പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു.
ലോക കേരള സഭ സമ്മേളനത്തിനായി നിയമസഭയിലെ ശങ്കരനായരായണന്‍ തമ്പി ഹാള്‍ പൊളിച്ചു പണിയുന്നതിന് 1.48 കോടി രുപ 2018ല്‍ ചെലവാക്കി. ഊരാളുങ്കില്‍ ലേബര്‍ സൊസൈറ്റിയെ ആണ് ഈ ജോലി ഏല്പിച്ചത്. ടെന്‍ഡര്‍ ക്ഷണിച്ചിരുന്നില്ല. രണ്ടുു ദിവസത്തേക്കാണ് സഭ ചേര്‍ന്നത്. 2020ല്‍ ലോക കേരള സഭ ചേര്‍ന്നപ്പോള്‍ 16.65 കോടി രൂപ ചെലവഴിച്ച് നവീകരിക്കാന്‍ നടപടി സ്വീകരിച്ചു. ആദ്യ ലോക കേരള സഭയുടെ ഭാഗമായി വിദേശത്തുനിന്ന് കൊണ്ടുവന്ന ശരറാന്തല്‍വിളക്ക് ഉള്‍പ്പെടെ പൊളിച്ചുമാറ്റി. സീറ്റിംഗ് അറേഞ്ചുമെന്റും പൊളിച്ചു. താന്‍ ഇക്കാര്യത്തില്‍ പരാതി ഉന്നയിച്ചപ്പോള്‍ എസ്റ്റിമേറ്റിന്റെ പകുതി തുകയെ ചെലവായുള്ളു എന്നാണ് സ്പീക്കര്‍ പറഞ്ഞത്. എന്നാല്‍ ഇതുവരെ 12 കോടി രൂപയുടെ ബില്ല് ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിക്കഴിഞ്ഞു. നിയമസഭയെ കടലാസ് രഹിതമാക്കാന്‍ 51.31 കോടി രൂപ ചെലവാക്കി. ടെന്‍ഡര്‍ ഇല്ലാത്ത ഈ പദ്ധതി നടപ്പാക്കാന്‍ ഏല്പിച്ചത് ഊരാളുങ്കല്‍ സൊസൈറ്റിയെ ആണ്. മൊബിലൈസേഷന്‍ അഡ്വാന്‍സ് ആയി 13.51 കോടി രൂപ നല്‍കി. പാലാരിവട്ടം കേസില്‍ ഇബ്രാഹിം കുഞ്ഞിനെതിരെ ഉന്നയിക്കുന്ന അതേ ആരോപണമാണ് സ്പീക്കര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. ഇത്രയും തുക ചെലവഴിച്ചിട്ടും നിയമസഭയ്‌ക്കോ അംഗങ്ങള്‍ക്കോ യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല. വലിയ അഴിമതിയാണ് നടന്നിരിക്കുന്നത്.
ഫെസ്റ്റിവല്‍ ഓഫ് ഡമോക്രസി എന്ന പരിപാടി അഴിമതിയുടെ ഉത്സവമായിരുന്നു. ആറു പരിപാടിക്ക് പദ്ധതിയിട്ടിരുന്നെങ്കിലും കോവിഡ് കാരണം രണ്ടെണ്ണമേ നടത്തിയുള്ളൂ. ഇതിനു മാത്രം രണ്ടേകാല്‍ കോടി രൂപയാണ് ചെലവഴിച്ചത്. ഈ പരിപാടിക്ക് ഭക്ഷണ ചെലവുമാത്രം 68 ലക്ഷം രൂപ. യാത്രാ ചിലവ് 42 ലക്ഷം രൂപ. മറ്റു ചിലവുകള്‍ 1.21 കോടി രൂപ, പരസ്യം 31 ലക്ഷം രൂപ എന്നിങ്ങനെയാണ് ചെലവഴിച്ചത്. ഈ പരിപാടിക്കായി അഞ്ചു പേര്‍ക്ക് കരാര്‍ നിയമനം നല്‍കി. പരിപാടി അവസാനിച്ചിട്ട് രണ്ട് വര്‍ഷമായിട്ടും ഈ ജീവനക്കാര്‍ ഇപ്പോഴും പ്രതിമാസം 30000 രൂപ ശമ്പളം വാങ്ങുന്നുണ്ട്. 21.61 ലക്ഷം രൂപയാണ് ഈ ഇനത്തില്‍ ചെലവാക്കിയത്. നിയമസഭ ടിവിയാണ് അടുത്ത അഴിമതി. നിയമസഭ സമാജികരുടെ ഫ്‌ളാറ്റില്‍ ഏറെ മുറികള്‍ ഉണ്ടായിട്ടും കണ്‍സള്‍ട്ടന്റിന് താമസിക്കാന്‍ വഴുതക്കാട് സ്വകാര്യ ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തു. ഇതിന് പ്രതിമാസം 25,000 രൂപ വാടക. ഒരു ലക്ഷം രൂപ ഡെപ്പോസിറ്റ്. ഫ്‌ളാറ്റിലേക്ക് പാത്രങ്ങളും കപ്പുകളും വാങ്ങിയ ചെലവും നിയമസഭയുടെ പേരിലാണ്. ഇ.എം.എസ് സ്മൃതി.- 87 ലക്ഷം രൂപ. വിവാദമുണ്ടായപ്പോൾ പദ്ധതി നിര്‍ത്തിവച്ചു.ഗസ്റ്റ്ഹൗസ്- നിയമസഭ സമുച്ചയത്തില്‍ ആവശ്യത്തിലേറെ മുറികളും സൗകര്യങ്ങളും ഉണ്ടായിരിക്കേ പ്രത്യേകം ഗസ്റ്റ്ഹൗസ് നിര്‍മ്മിക്കുന്നു. അതിന്റെ ചെലവ് വ്യക്തമല്ല. നിയമസഭയിലെ ചെലവ് സഭയില്‍ ചര്‍ച്ച ചെയ്യാറില്ല. അതിന്റെ മറവിലാണ് ഈ ധൂര്‍ത്ത്.പുതിയ നിയമസഭ മന്ദിരം പണിതതിന്റെ ചെലവ് 76 കോടിയാണ്. എന്നാല്‍ നാല് വര്‍ഷത്തിനകം 100 കോടി രൂപയോളം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും മുടക്കി. ഇതുവരെ ഒരു കണക്കും വച്ചിട്ടില്ല. പണം ചെലവഴിക്കുന്നതില്‍ പ്രത്യേക സൗകര്യം ഉപയോഗിച്ച് വലിയ അഴിമതിയാണ് നടത്തുന്നത്. സ്പീക്കറുടെ അഴിമതിയില്‍ അന്വേഷണം വേണം. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കുമെന്നും ചെന്നിത്തല അറിയിച്ചു.