തിരുവനന്തപുരം: സര്‍ക്കാരിനെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.അദാനി ഗ്രൂപ്പിൽ നിന്നും കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കരാറുണ്ടാക്കുകയും, ഇതുവഴി കോടികളുടെ അഴിമതി നടത്തുകയും ചെയ്‌തെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.അദാനിക്ക് 1000 കോടിയോളം രൂപ അധികലാഭം ഉണ്ടാക്കുന്ന 8850 കോടി രൂപയുടെ 25വര്‍ഷത്തേക്കുള്ള കരാറിലാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡ് ഏര്‍പ്പെടുന്നത്. അഞ്ച് ശതമാനം വൈദ്യുതി പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസുകളില്‍ നിന്നും വാങ്ങണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിന്‍റെ മറവിലാണ് വൈദ്യുതികൊള്ള നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.കാറ്റില്‍നിന്നുള്ള വൈദ്യുതിക്ക് ഒരു യൂണിറ്റിന് രണ്ട് രൂപ മാത്രമായിരിക്കെ അദാനിയില്‍നിന്നും സംസ്ഥാനം യൂണിറ്റിന് 2.82 രൂപയ്ക്കാണ് വാങ്ങുന്നത്. ഇതിലൂടെ 1000 കോടി രൂപയുടെ അധിക ലാഭമാണ് അദാനിക്ക് ലഭിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ജലവൈദ്യുത പദ്ധതികളിൽ നിന്ന് കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങാമെന്നിരിക്കേ എന്തിനാണ് അദാനിയിൽ നിന്ന് കൂടിയ നിരക്കിൽ വൈദ്യുതി വാങ്ങുന്നതെന്ന് ചെന്നിത്തല ചോദിച്ചു. കാറ്റിൽ നിന്നുള്ള വൈദ്യുതിയുടെ പ്രധാന ഉത്പാദകർ അദാനിയാണ്. അതുകൊണ്ടു തന്നെ കാറ്റിൽ നിന്നുള്ള വൈദ്യുതി വാങ്ങാനുള്ള തീരുമാനം കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തമ്മിലുള്ള ഒത്തുകളിയാണെന്നും ചെന്നിത്തല ആരോപിച്ചു. സിപിഎം ബിജെപി ഒത്താശയോടെയുള്ള ഈ കരാര്‍ റദ്ദാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.