ന്യൂഡൽഹി:അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള ധനസമാഹരണത്തിന് തുടക്കമായി.രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ആണ് ആദ്യ സംഭാവന നൽകിയത്.വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ധനസമാഹരണത്തിന് 5 ലക്ഷം രൂപയാണ് രാഷ്ട്രപതി സംഭാവന ചെയ്തത്. ‘അദ്ദേഹം രാജ്യത്തിന്റെ പ്രഥമ പൗരനാണ്, അതിനാല്‍ ഞങ്ങള്‍ അദ്ദേഹത്തില്‍ നിന്നും ധനസമാഹരണത്തിന് തുടക്കംകുറിച്ചു. 5,01,000 രൂപ അദ്ദേഹം സംഭാവന ചെയ്തു’ വിഎച്ച്‌പി നേതാവ് അലോക് കുമാര്‍ പറഞ്ഞു.മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും വി.എച്ച്.പിക്ക് ഒരു ലക്ഷം രൂപ കൈമാറി. എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍, അഭിനേതാക്കള്‍, എഴുത്തുകാര്‍, കവികള്‍ തുടങ്ങിയവരുമായി ചേര്‍ന്നാകും ധനസമാഹരണം നടത്തുകയെന്ന് വി.എച്ച്.പി അറിയിച്ചിരുന്നു.ഗുജറാത്തില്‍ നിന്ന് മാത്രം ഒരു കോടി ആളുകളില്‍ നിന്ന് പണം ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്. ധനസമാഹരണത്തിന്റെ ഭാഗമായി വി.എച്ച്.പി വഡോദരയില്‍ ഓഫീസും തുറന്നിരുന്നു.കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ശ്രീരാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെതന്നെ കോടിക്കണക്കിന് രൂപ ട്രസ്റ്റിലേക്ക് എത്തിയിരുന്നു. പണത്തിന് പുറമെ സ്വര്‍ണവും വെള്ളിയുമെല്ലാം സംഭാവന ലഭിച്ചിട്ടുണ്ട്. സുതാര്യത ഉറപ്പുവരുത്താന്‍ 20,000 രൂപയ്ക്ക് മുകളിലുള്ള തുക ചെക്കുകള്‍ വഴി ശേഖരിക്കുമെന്ന് വിഎച്ച്‌പി നേതാവ് അലോക് കുമാര്‍ നേരത്തെ പറഞ്ഞിരുന്നു. 5,25,000 ഗ്രാമങ്ങളില്‍ ഫണ്ട് ശേഖരണ ക്യാമ്പയിൻ നടത്തുമെന്നും ശേഖരിക്കുന്ന പണം 48 മണിക്കൂറിനുള്ളില്‍ ബാങ്കുകളില്‍ നിക്ഷേപിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.രാമക്ഷേത്രം നിര്‍മ്മിക്കാന്‍ അഞ്ച് ലക്ഷം ഗ്രാമങ്ങളിലെ 10 കോടിയോളം കുടുംബങ്ങളില്‍ നിന്നും സംഭാവന സ്വീകരിക്കാന്‍ ആര്‍എസ്‌എസ് മുന്നിട്ടിറങ്ങിയിരുന്നു. ഏറ്റവും കുറഞ്ഞ സംഭാവന 10 രൂപയാണ്. അതെ സമയം 10 മുതല്‍ എത്ര രൂപ വേണമെങ്കിലും ജനങ്ങള്‍ സ്വമേധയാ സംഭാവന ചെയ്യാം. രാമക്ഷേത്ര നിര്‍മ്മാണത്തിനായി രാജ്യത്തുടനീളം ജനങ്ങളുമായി സമ്പർക്കം പുലര്‍ത്താനുള്ള ഒരു ബൃഹല്‍ പദ്ധതി വിഎച്ച്‌പിയും നേരത്തെ കൈക്കൊണ്ടിരുന്നു. ഇതിന്റെ ഭാഗമായിയുള്ള ആര്‍എസ്‌എസ് വിഎച്ച്‌പി ജനസമ്പർക്ക പരിപാടിയാണ് ഇന്നലെ ആരംഭിച്ചത്.കേരളത്തിലും ഇന്നലെ മുതല്‍ ഗൃഹസമ്പർക്ക പരിപാടി ആരംഭിച്ചിട്ടുണ്ട്.