ഇടുക്കി:ഇന്നലെ ഉരുള്‍പൊട്ടലുണ്ടായ ഇടുക്കി രാജമലയില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ പുനരാരംഭിച്ചു.ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്.18 പേരുടെ മൃതദേഹമാണ് ഇതുവരെ ലഭിച്ചത്. 48 പേരെ കണ്ടെത്താനുണ്ടെന്നാണ് വിലയിരുത്തല്‍. മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് പെട്ടിമുടിയില്‍ നടക്കും. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് വെള്ളിയാഴ്ച അര്‍ധരാത്രിയോടെ നിര്‍ത്തിവെച്ചു. പ്രദേശത്ത് കനത്ത മഴയും മൂടല്‍മഞ്ഞും അനുഭവപ്പെട്ട് കാഴ്ച തടസ്സപ്പെട്ടതോടെയാണ് തിരച്ചില്‍ നിര്‍ത്തിവെച്ചത്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട 11 പേരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇന്നലെ പുലര്‍ച്ചെ 3 മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു. നയമക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്.30 മുറികളുള്ള 4 ലയങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇവയില്‍ ആകെ 78 പേരാണ് താമസിച്ചിരുന്നത്.അതേസമയം വലിയ കല്ലുകള്‍ നീക്കം ചെയ്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതിനാല്‍ രാജമലയിലെ രക്ഷാപ്രവര്‍ത്തനം ദിവസങ്ങളോളം നീളുമെന്നാണ് പ്രാഥമിക നിഗമനം. കനത്ത മഴ പെയ്യുന്ന ഇടുക്കിയില്‍ കാലാവസ്ഥ തന്നെയാണ് പ്രധാന തടസ്സം. അപകടത്തില്‍പ്പെട്ട നിരവധിപ്പേര്‍ പുഴയിലൂടെ ഒഴുകിപ്പോയിരിക്കാമെന്നും രക്ഷാ പ്രവര്‍ത്തകര്‍ കണക്കുകൂട്ടുന്നു.