Kerala, News

രാജമല ദുരന്തം;അഞ്ചാം ദിവസത്തെ തെരച്ചില്‍ ആരംഭിച്ചു;ഇനി കണ്ടെത്താനുള്ളത് 21 മൃതദേഹങ്ങള്‍

keralanews rajamala tragedy search continues in the fifth day 21 bodies are yet to be found

ഇടുക്കി: രാജമലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള അഞ്ചാം ദിവസത്തെ തെരച്ചില്‍ ആരംഭിച്ചു. ഇനി 21 പേരെയാണ് കണ്ടെത്താനുള്ളത്. അതില്‍ അധികവും കുട്ടികളാണ്. വീടുകള്‍ക്ക് സമീപത്തെ പുഴയിലേക്ക് ഒലിച്ചു പോയതിനാല്‍ പുഴ കേന്ദ്രീകരിച്ചുള്ള തെരച്ചില്‍ ഇന്നും തുടരും.പുഴയില്‍ നിന്ന് മാത്രം ഇതുവരെ 12 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ജില്ലാഭരണകൂടം അറിയിച്ചു.പുഴയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള തെരച്ചിലാണ് പുരോഗമിക്കുന്നത്.ഇന്നലെ നടത്തിയ തിരച്ചിലിൽ മൂന്ന് കുട്ടികള്‍ അടക്കം ആറുപേരുടെ മൃതദേഹങ്ങള്‍ ആണ് കണ്ടെടുത്തത്. ഇതോടെ മരണസംഖ്യ 49 ആയി. കൊവിഡ് ഭീതി ഉള്ളതിനാല്‍ കര്‍ശന ജാഗ്രത പാലിച്ചാണ് തെരച്ചില്‍ നടക്കുന്നത്. വലിയ പാറക്കൂട്ടങ്ങളാണ് നിലവിലെ തെരച്ചിലിന് തടസം സൃഷ്‌ടിക്കുന്നത്. ചെറുസ്‌ഫോടനം നടത്തി പാറ പൊട്ടിച്ച്‌ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനാണ് നീക്കം.പെട്ടിമുടിയില്‍ തെരച്ചിലിനെത്തിയ ആലപ്പുഴയില്‍ നിന്നുള്ള അഗ്നിശമന സേനാംഗത്തിന് കഴിഞ്ഞ ദിവസമാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.ഇതോടെ ഈ സംഘത്തെ പൂര്‍ണമായും നിരീക്ഷണത്തിലാക്കി.മൂന്നാറിലെ തോട്ടം തൊഴിലാളികളില്‍ ഭൂരിഭാഗവും തമിഴ്നാട്ടില്‍ നിന്നെത്തിയവരാണ്. ഇവരെ അവസാനമായി ഒരു നോക്ക് കാണാന്‍ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബന്ധുക്കള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ആയിരത്തിലേറെ പേര്‍ എത്തിയെന്നാണ് പൊലീസിന്റെ കണക്ക്. ശരീരോഷ്മാവ് പരിശോധന മാത്രം നടത്തിയാണ് തമിഴ്നാട്ടില്‍ നിന്നുള്ളവരെ ചെക്ക്പോസ്റ്റുകളില്‍ നിന്നും കടത്തി വിടുന്നത്. നൂറിലേറെ വരുന്ന പൊലീസും അഗ്നിശമന സേനാ ജീവനക്കാരും അൻപതിലധികം റവന്യൂ ഉദ്യോഗസ്ഥരും ദേശീയദുരന്തനിവാരണസേന സംഘവും നിലവില്‍ പെട്ടിമുടിയിലുണ്ട്. ഇവര്‍ക്ക് ഘട്ടം ഘട്ടമായാകും ആന്റിജന്‍ പരിശോധന നടത്തുക. ഇന്നലെ 10 പേര്‍ക്ക് പരിശോധന നടത്തിയിരുന്നു. ആര്‍ക്കും കൊവിഡ് പൊസിറ്റീവ് റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.

Previous ArticleNext Article