ഇടുക്കി: രാജമല പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരെ കണ്ടെത്താനുള്ള തെരച്ചില്‍ ആറാം ദിവസമായ ഇന്നും തുടരുന്നു.രാവിലെ എട്ട് മണി മുതല്‍ തെരച്ചില്‍ ആരംഭിച്ചു. 19 പേരെ ഇനിയും കണ്ടെത്താനുണ്ട്. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 52 ആയി.ഇനി കണ്ടെത്താനുള്ളതില്‍ കൂടുതല്‍ കുട്ടികളാണ്. ഒന്‍പത് കുട്ടികളെ കണ്ടെത്താനുണ്ടെന്ന് ഇടുക്കി സബ് കലക്‌ടര്‍ പ്രേംകൃഷ്‌ണന്‍ പറഞ്ഞു.മൃതദേഹങ്ങള്‍ ഒലിച്ചുപോയിരിക്കാന്‍ സാധ്യതയുള്ളതിനാൽ പുഴ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പ്രധാനമായും അന്വേഷണം നടക്കുന്നത്.പുഴകളുടെ പരിസരത്തും മറ്റ് സമീപ സ്ഥലങ്ങളിലും തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.കാലാവസ്ഥ അനുകൂലമായതിനാല്‍ കൂടുതല്‍ പേരെ ഇന്നു കണ്ടെത്താന്‍ സാധിക്കുമെന്നാണ് ജില്ലാ ഭരണകൂടം പ്രതീക്ഷിക്കുന്നത്. ഇടുക്കിയിലടക്കം മലയോര മേഖലകളില്‍ കഴിഞ്ഞ രണ്ട് ദിവസമായി മഴ വളരെ കുറവാണ്. ലയങ്ങളുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ ആഴത്തില്‍ തെരച്ചില്‍ നടത്താനാണു തീരുമാനം. അവസാന ആളെയും കണ്ടെത്തും വരെ തെരച്ചില്‍ തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കാലാവസ്ഥ അനുകൂലമാണെങ്കിലും ഉരുള്‍പൊട്ടലില്‍ വന്നു പതിച്ച വലിയ പാറക്കൂട്ടങ്ങള്‍ തെരച്ചില്‍ ദുഷ്‌കരമാക്കുന്നുണ്ട്. സ്ഫോടക വസ്തുക്കള്‍ കൊണ്ട് ചെറുസ്ഫോടനം നടത്തി പാറ പൊട്ടിച്ച് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കുമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. മൃതദേഹങ്ങള്‍ തിരിച്ചറിയുക എന്നത് വലിയ വെല്ലുവിളിയാണ്. കഴിഞ്ഞ ദിവസങ്ങളിലായി കണ്ടെത്തിയ ചില മൃതദേഹങ്ങള്‍ അഴുകി തുടങ്ങിയിരുന്നു. ഇനി കണ്ടെത്താനുള്ള മൃതദേഹങ്ങള്‍ അഴുകി തുടങ്ങിയിരിക്കാമെന്നാണ് വിലയിരുത്തല്‍. അങ്ങനെവന്നാല്‍ ശരീരം തിരിച്ചറിയാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തേണ്ടിവരും. ആവശ്യമെങ്കില്‍ മൃതദേഹം ഡിഎന്‍എ ടെസ്റ്റിനു വിധേയമാക്കാമെന്ന് ആരോഗ്യവകുപ്പും അറിയിച്ചിരുന്നു.