മൂന്നാര്‍: രാജമല പെട്ടിമുടിയില്‍ ലയങ്ങള്‍ക്കു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ വന്‍ദുരന്തത്തില്‍ മരിച്ച 15 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.12 പേരെയാണ് ഇതുവരെ രക്ഷിച്ചത്.78 പേരാണ് ദുരന്തത്തില്‍പ്പെട്ടതെന്നാണ് ലഭ്യമായ വിവരം.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.മൂന്നാര്‍ മണ്ണിടിച്ചില്‍ ദുരന്തനിവാരണ മേല്‍നോട്ട ചുമതല ഐ.ജി ഗോപേഷ് അഗര്‍വാളിന് നല്‍കി.ഒന്‍പത് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ഗാന്ധിരാജ്(48), ശിവകാമി(38),വിശാല്‍(12), രാമലക്ഷ്മി(40), മുരുകന്‍(46), മയില്‍സ്വാമി(48), കണ്ണന്‍(40), അണ്ണാദുരൈ(44), രാജേശ്വരി(43) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. രക്ഷപ്പെട്ട 12 പേരെ മൂന്നാര്‍ ടാറ്റാ ആശുപത്രിയിലും കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. മൂന്നാറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ രാജമലയ്ക്കടുത്തുള്ള നെയ്മക്കാട് ഡിവിഷനിലെ പെട്ടിമുടി എന്ന പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞിറങ്ങി വീഴുകയായിരുന്നുവെന്നും, രണ്ട് ലയങ്ങള്‍ പൂര്‍ണമായി തകര്‍ന്നുവെന്നുമാണ് വിവരം.നാല് ലയങ്ങളിലായി 30 മുറികളില്‍ 20 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്.