Kerala, News

ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്തെന്നാരോപിച്ച് കണ്ണൂരിൽ തീവണ്ടി യാത്രികനെ ക്രൂരമായി മർദ്ദിച്ച് പോലീസ്;തല്ലിവീഴ്ത്തിയ ശേഷം ബൂട്ടിട്ട് ചവിട്ടി;സംഭവം മാവേലി എക്‌സ്പ്രസിൽ

keralanews rain passenger was brutally beaten up by police in Kannur for allegedly traveling in a sleeper coach without a ticket incident happened in maveli express

കണ്ണൂർ: ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്‌തെന്ന് ആരോപിച്ച് തീവണ്ടി യാത്രികനെ ക്രൂരമായി മർദ്ദിച്ച് പോലീസ്. മാവേലി എക്‌സ്പ്രസിലാണ് സംഭവം. എസ്‌ഐ പ്രമോദാണ് യാത്രികനെ ക്രൂരമായി ചവിട്ടി വീഴ്‌ത്തിയത്.രാത്രി ഏഴരയോടെയായിരുന്നു സംഭവം. കണ്ണൂരിൽ നിന്നും പുറപ്പെട്ട് തലശ്ശേരി പിന്നിട്ട ശേഷമായിരുന്നു മർദ്ദനം. എസ് ടു കമ്പാർട്ട്‌മെന്റിലേക്ക് എത്തിയ പ്രമോദും സിപിഒ രാഗേഷും യാത്രക്കാരുടെ ടിക്കറ്റുകൾ പരിശോധിക്കുകയായിരുന്നു. ഇതിനിടെ ഇയാളോടും ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടു. ടിക്കറ്റ് ഉണ്ടെന്നും എന്നാൽ സ്ലീപ്പർ ടിക്കറ്റ് അല്ലെന്നും യാത്രികൻ പറഞ്ഞു. ടിക്കറ്റ് എടുക്കാനായി ബാഗിൽ തിരയുന്നതിനിടെ പ്രമോദ് ഇയാളുടെ മുഖത്ത് അടിക്കുകയായിരുന്നു. നിലത്ത് വീണ യാത്രികനെ ക്രൂരമായി മർദ്ദിച്ചു. സംഭവം കണ്ട യാത്രികരിൽ ഒരാൾ ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി. ഇതു കണ്ട പ്രമോദ് യാത്രികനോടും ക്ഷുഭിതനായി. ടിക്കറ്റ് കാണിക്കാനും ആവശ്യപ്പെട്ടു. അപ്പോഴേക്കും കമ്പാർട്ട്‌മെന്റിലേക്ക് ടിടിആർ എത്തി.ടിടിആറിന് മുൻപിൽവെച്ചും എഎസ്‌ഐ യാത്രികനെ മർദ്ദിച്ചു. തുടർന്ന് വലിച്ചിഴച്ച് ഡോറിന്റെ ഭാഗത്തേക്ക് കൊണ്ടുപോയി. തീവണ്ടി വടകര സ്‌റ്റേഷനിൽ എത്തിയപ്പോൾ യാത്രികനെ ചവിട്ടി പുറത്തേക്ക് തള്ളിവിടുകയായിരുന്നു.തല്ലി വീഴ്ത്തുകയും നിലത്ത് വലിച്ചിട്ട് ബൂട്ട് കൊണ്ട് നെഞ്ചിന് ചവിട്ടുകയും ചെയ്തുവെന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയ ഇതേ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നയാള്‍ പറഞ്ഞു. സംഭവം വിവാദമായതോടെ വിശദീകരണവുമായി എഎസ്‌ഐ രംഗത്ത് എത്തി. മർദ്ദിച്ചെന്ന ആരോപണം തെറ്റാണെന്നും, യാത്രികരുടെ സുരക്ഷ ഉറപ്പാക്കാൻ ഏതറ്റംവരെയും പോകുമെന്നുമായിരുന്നു പ്രമോദിന്റെ പ്രതികരണം.

Previous ArticleNext Article