Kerala, News

ജനശതാബ്ദി, വേണാട് ട്രെയിനുകൾ റദ്ദാക്കാനുള്ള തീരുമാനം പിന്‍വലിച്ച്‌ റെയില്‍വേ

keralanews railway withdraw the decision to cancel janasadabdi and venad trains

തിരുവനന്തപുരം;യാത്രക്കാരുടെ കുറവ് ചൂണ്ടിക്കാട്ടി കേരളത്തില്‍ ജനശതാബ്ദി എക്സ്പ്രസ്, വേണാട് എക്സ്പ്രസ് ട്രെയിനുകള്‍ റദ്ദാക്കാനുള്ള തീരുമാനം റെയില്‍വേ പിന്‍വലിച്ചു.ശനിയാഴ്ച മുതല്‍ മൂന്ന് തീവണ്ടികളുടെയും സര്‍വീസ് നിര്‍ത്താനായിരുന്നു റെയില്‍വേ ബോര്‍ഡിന്റെ നിര്‍ദേശം. സര്‍വീസ് അവസാനിപ്പിക്കുന്നതിനെതിരെ ജനപ്രതിനിധികളും യാത്രക്കാരും പ്രതിഷേധം ഉയര്‍ത്തിയതിന്  പിന്നാലെയാണ് തീരുമാനം.തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി, കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദി, വേണാട് എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത് വലിയ നഷ്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റദ്ദാക്കാന്‍ റെയില്‍വെ തീരുമാനിച്ചത്. ലോക്ക്ഡൗണിന് ശേഷം സര്‍വീസ് ആരംഭിച്ച ട്രെയിനുകളില്‍ 25 ശതമാനത്തില്‍ താഴെ മാത്രം യാത്രക്കാരായിരുന്നു ഓണത്തിന് മുന്‍പുളള കണക്ക് പ്രകാരം ഉണ്ടായിരുന്നത്. എന്നാല്‍ സ്ഥിരം യാത്രക്കായി നിരവധി പേര്‍ ഈ ട്രെയിനുകള്‍ ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു.ട്രെയിനുകള്‍ റദ്ദാക്കരുതെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും കേന്ദ്രത്തിന് കത്തയച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ബിനോയ് വിശ്വം എംപി, റെയില്‍വേ ചുമതലയുള്ള മന്ത്രി ജി. സുധാകരന്‍, ഹൈബി ഈഡന്‍ എംപി എന്നിവരും തീരുമാനത്തിനെതിരെ രംഗത്തെത്തുകയും ചെയ്തു. തിരുവനന്തപുരം ഡിആര്‍എം ഓഫീസിന് മുന്നില്‍ യാത്രക്കാരുടെ നേതൃത്വത്തില്‍ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.അതേസമയം, കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിക്കുക, റിസര്‍വേഷന്‍ ഇല്ലാത്തവരെ യാത്രചെയ്യാന്‍ അനുവദിക്കുക തുടങ്ങിയ മാറ്റങ്ങളോടെ യാത്രക്കാരുടെ കുറവ് പരിഹരിക്കണമെന്നും അഭിപ്രായമുയര്‍ന്നിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളില്‍ റെയില്‍വെ തീരുമാനമെടുത്തിട്ടില്ല.

Previous ArticleNext Article