തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയതുമായി ബന്ധപ്പെട്ട് എസ്പി ചൈത്ര തെരേസ ജോണിനെതിരെ നടപടിയ്ക്ക് ശുപാര്‍ശയില്ല.ഇത് സംബന്ധിച്ച് എഡിജിപി മനോജ് എബ്രഹാം ഡിജിപിയ്ക്ക് റിപ്പേര്‍ട്ട് കൈമാറി. റെയ്ഡില്‍ നിയമപരമായി തെറ്റില്ലെന്നും എന്നാല്‍ ചൈത്ര കുറച്ചു കൂടി ജാഗ്രത പാലിക്കണമായിരുന്നുവെന്നും പരാമര്‍ശമുണ്ട്. പാർട്ടി ഓഫീസിൽ അനധികൃതമായി റെയ്ഡ് നടത്തിയെന്ന സിപിഎം നേതാക്കളുടെ പരാതിയെ തുടർന്നാണ് എസ്പിക്കെതിരെ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസിലെ പ്രതികള്‍ പാര്‍ട്ടി ഓഫീസിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് ചൈത്ര നല്‍കിയ വിശദീകരണം.മുഖ്യപ്രതികളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പെട്ടെന്നുള്ള തീരുമാനമെന്നും വിശദീകരണത്തില്‍ പറയുന്നുണ്ട്.കഴിഞ്ഞ 22-നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനു നേരേ അമ്ബതോളം ഡിവൈഎഫ്‌ഐ. പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞത്. പോക്സോ കേസില്‍ അറസ്റ്റിലായ രണ്ടു പ്രവര്‍ത്തകരെ കാണാന്‍ അനുവദിക്കാത്തതായിരുന്നു പ്രകോപനം. അക്രമത്തേത്തുടര്‍ന്ന് കഴിഞ്ഞ 24-നു രാത്രി ഡി.സി.പി: ചൈത്രയുടെ നേതൃത്വത്തില്‍ പതിനഞ്ചോളം ഉദ്യോഗസ്ഥര്‍ സിപിഎം. ജില്ലാ കമ്മിറ്റി ഓഫീസില്‍ മിന്നല്‍ പരിശോധന നടത്തി. നിലവിലെ ഡെപ്യൂട്ടി കമ്മിഷണര്‍ ശബരിമല ഡ്യൂട്ടിയിലായിരുന്നതിനാല്‍ പകരം ചുമതലയിലായിരുന്നു ചൈത്ര.പ്രതികള്‍ പാര്‍ട്ടി ഓഫീസില്‍ ഒളിവില്‍ കഴിയുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു ഡി.സി.പിയുടെ നടപടി. എന്നാല്‍, പരിശോധനയില്‍ അക്രമികളെ കണ്ടെത്താനായില്ല.