വയനാട്:തിരുനെല്ലി നെട്ടറ പാലത്തിന്റെ നിര്‍മ്മാണം ഉടന്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി എം.പി വയനാട് കളക്ടര്‍ക്ക് കത്തെഴുതി.പാലം പണിയുടെ കാലയളവില്‍ നെട്ടറ ആദിവാസി കോളനി നിവാസികള്‍ക്ക് ആവശ്യമായ ഗതാഗത സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും രാഹുല്‍ കത്തില്‍ ആവശ്യപ്പെട്ടു.വയനാട്ടിലെ പിന്നാക്ക പ്രദേശങ്ങളിലൊന്നായ തിരുനെല്ലിയിലെ കാളിന്ദി പുഴയ്ക്ക് കുറുകെയുള്ള നെട്ടറ പാലം 2006 ലാണ് തകരുന്നത്. സമീപത്തെ കോളനിയിലെ കുടുംബങ്ങളുടെ ആശ്രയമായിരുന്നു ഈ പാലം. കഴിഞ്ഞ 13 വര്‍ഷമായി പുഴയ്ക്ക് കുറുകെ കെട്ടിയുണ്ടാക്കിയ താല്‍ക്കാലിക മരപ്പാലമാണ് കോളനി നിവാസികള്‍ ഉപയോഗിച്ചിരുന്നത്.മഴക്കാലത്ത് ഈ മരപ്പാലം തകരുന്നത് പതിവായിരുന്നു. ഇതിനെ തുടര്‍ന്ന് പ്രളയ സമയത്ത് ഉള്‍പ്പടെ ഈ കോളനിയിലെ കുടുംബങ്ങള്‍ ഒറ്റപ്പെട്ട് പോകുന്ന അവസ്ഥയുണ്ടായി.പിന്നീട് മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു പുതിയ പാലം നിര്‍മ്മാണത്തിമായി 10 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചെങ്കിലും രണ്ടു വര്‍ഷം കഴിഞ്ഞിട്ടും പുരോഗതിയൊന്നുമില്ലെന്നും കത്തിൽ പറയുന്നു.ഈ സാഹചര്യത്തില്‍ നെട്ടറ ആദിവാസി കോളനിയെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെ പണി ഉടന്‍ പുനരാരംഭിക്കണമെന്നും ഈ സമയത്ത് കോളനി നിവാസികള്‍ക്ക് മറ്റ് ഗതാഗത സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും രാഹുല്‍ ആവശ്യപ്പെടുന്നു.ജൂലായ് 31 നാണ് രാഹുല്‍ എം.പി എന്ന നിലയില്‍ ജില്ലാ കളക്ടടര്‍ക്ക് കത്ത് അയച്ചിരിക്കുന്നത്.