ന്യൂഡൽഹി:കോണ്‍ഗ്രസ് അധ്യക്ഷപദവിയില്‍ നിന്നുള്ള രാജി ഔദ്യോഗികമായി പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി.അധ്യക്ഷ പദവിയില്‍ നിന്ന് ഒഴിയുന്ന കാര്യം വ്യക്തമാക്കുന്ന കത്ത് അദ്ദേഹം ട്വിറ്ററിലൂടെ പുറത്തുവിട്ടു.ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് നടപടിയെന്ന് രാഹുല്‍ രാജിക്കത്തില്‍ പറയുന്നു.തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് പാര്‍ട്ടിയുടെ ഭാവിക്ക് അത്യന്താപേക്ഷിതമാണ്. അതുകൊണ്ടാണ് താന്‍ രാജി സമര്‍പ്പിക്കുന്നത്. പുതിയ അധ്യക്ഷനെ താന്‍ നാമനിര്‍ദേശം ചെയ്യണമെന്ന് പല സഹപ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു. അത് ശരിയാണെന്ന് താന്‍ വിചാരിക്കുന്നില്ല. പാര്‍ട്ടി തന്നെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്നും രാഹുല്‍ കത്തില്‍ പറയുന്നു.2017ലാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി സ്ഥാനമേല്‍ക്കുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയം നേരിട്ടതിനു പിന്നാലെ രാഹുൽ രാജി വയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. മേയ് 25 ന് ചേര്‍ന്ന വര്‍ക്കിങ് കമ്മറ്റി യോഗത്തില്‍ രാജി സന്നദ്ധത പരസ്യമായി പ്രഖ്യാപിച്ചു. എന്നാല്‍ രാജി സ്വീകരിക്കാന്‍ തയാറാകാത്ത കോണ്‍ഗ്രസ് അംഗങ്ങള്‍ രാഹുലിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും രാഹുല്‍ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.