കണ്ണൂർ:തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കണ്ണൂരിൽ എത്തുന്നു.തിരുവനന്തപുരത്തുനിന്ന് രാത്രി 8.55ന് മട്ടന്നൂർ ഇന്റർനാഷണൽ എയർപോർട്ടിൽ വിമാനമിറങ്ങിയ രാഹുൽഗാന്ധി 9.5ന് വിമാനത്താവളത്തിന് പുറത്തേക്കിറങ്ങി കാർമാർഗം കണ്ണൂരിലേക്ക് പുറപ്പെട്ടു.കോൺഗ്രസ് പതാകയുമായി വഴിനീളെ കാത്ത് നിന്ന പ്രവർത്തകരെ കാണുമ്പോൾ വാഹനത്തിന്റെ വേഗം കുറച്ച് പ്രവർത്തകരെ അഭിവാദ്യം ചെയ്തു.9.55 ന് കണ്ണൂർ ഗസ്റ്റ് ഹൗസിൽ എത്തിച്ചേർന്ന രാഹുൽ ഗാന്ധിയെ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി ത്രിവർണ ഷാളണിയിച്ച് സ്വീകരിച്ചു.നേതാക്കളായ കെ സി ജോസഫ് എം.എൽ.എ, പി എം സുരേഷ് ബാബു, വി എ നാരായണൻ തുടങ്ങിയവർ ഗസ്റ്റ്ഹൗസിൽ സന്നിഹിതരായിരുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരൻ ഗസ്റ്റ് ഹൗസിൽ രാഹുൽഗാന്ധിയുടെ റൂമിൽ രാഹുൽ ഗാന്ധിയെ സന്ദർശിച്ച് ചർച്ച നടത്തി. രാഹുൽ ഗാന്ധിയോടൊപ്പം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി വേണുഗോപാൽ, മുകൾ വാസ്നിക് എന്നിവരും എത്തിച്ചേർന്നിരുന്നു.രാഹുൽ ഗാന്ധിയുടെ സന്ദർശനം പ്രമാണിച്ച് രാവിലെ 8.30 മണി മുതൽ 10.00 മണി വരെ കണ്ണൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.