പുനലൂര്‍: പത്തനംതിട്ട കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ കൊട്ടാരക്കര സബ് ജയിലില്‍ നിരാഹാര സമരത്തിലായിരുന്ന രാഹുല്‍ ഈശ്വറിനെയും മറ്റു നാലു പേരെയും ആരോഗ്യനില മോശമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഇന്നലെ രാവിലെ മുതല്‍ രാഹുല്‍ ഈശ്വറിന് ഒപ്പമുണ്ടായിരുന്ന ഹരി നാരായണന്‍, പ്രതീഷ്, അര്‍ജ്ജുനന്‍ ,നന്ദകുമാര്‍ എന്നിവര്‍ നിരാഹാരത്തിലായിരുന്നു. ഇതെ തുടര്‍ന്ന് കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ നിന്നും ഡോക്ടറെ കൊട്ടാരക്കര സബ് ജയിലിലേക്ക് വിളിച്ച് വരുത്തി അഞ്ചുപേര്‍ക്ക്ക്കും ട്രിപ്പ് ഇട്ടുവെങ്കിലും തുടര്‍ന്നും നിരാഹാരം തുടരുകയായിരുന്നു. ജയില്‍ സൂപ്രണ്ട് കെ.സോമരാജന്‍ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ശേഷം കൊട്ടാരക്കര എസ്.ഐ സി.കെ.മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ജയിലില്‍ എത്തി മൂന്നേകാല്‍ മണിയോടെ അഞ്ചു പേരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശൂപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ സംഘടിക്കുക, നിയമവിരുദ്ധമായി സംഘടിക്കുക, ലഹളയില്‍ ഏര്‍പ്പെടുക, പോലിസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തുക എന്നീ വകുപ്പുകളിലാണ് രാഹുലിനെതിരേ കേസെടുത്തത്. ബുധനാഴ്ച സന്നിധാനത്തു നിന്നുമാണ് രാഹുലിനെ പോലിസ് അറസ്റ്റ് ചെയ്തത്.രാഹുല്‍ ഈശ്വറിന് പുറമേ പങ്കാളികളായ 38 പേരെയും അറസ്റ്റ് ചെയ്തിരുന്നു.അതേസമയം രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് പത്തനംതിട്ട ഫസ്റ്റ്ക്ലാസ് കോടതി മാറ്റിവച്ചു. പോലീസ് റിപ്പോര്‍ട്ട് ലഭിക്കാത്തതിനാലാണ് ഇത്. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.