കണ്ണൂര്‍:കാഞ്ഞിരോട് നെഹര്‍ കോളേജിൽ റാഗിംഗിന്റെ പേരിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഹമ്മദ് റഷദ്, മുഹമ്മദ് തമീം, അബ്ദുല്‍ ഖാദര്‍, മുഹമ്മദ് മുസമ്മില്‍, മുഹമ്മദ് മുഹദ്ദിസ്, മുഹമ്മദ് സഫ്‌വാന്‍ എന്നിവരെയാണ് ഇന്ന് പുലർച്ചെ വീടുകളിൽ നിന്നും ചക്കരക്കൽ പോലീസ് കസ്റ്റഡിയിലെടുത്തത്.കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥി അൻഷാദിനാണ് മർദനമേറ്റത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് മടങ്ങിയെത്തിയ അന്‍ഷാദിനെ ഒരു സംഘം മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ശുചിമുറിയില്‍ കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. ക്ലാസിലെ പെണ്‍കുട്ടികളോട് സംസാരിക്കുന്നോ എന്ന് ചോദിച്ചും കയ്യിലുള്ള പണം ആവശ്യപ്പെട്ടുമായിരുന്നു അതിക്രൂരമായ മര്‍ദനം.ആശുപത്രിയിലെത്തിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് അന്‍ഷാദിന് ബോധം വീണ്ടുകിട്ടിയത്. ആദ്യം അടിപിടി കേസായി രജിസ്റ്റര്‍ ചെയ്ത ചക്കരക്കല്‍ പൊലീസ് തുടരന്വേഷണത്തില്‍ സംഭവത്തിന്റെ ഗൗരവം തിരിച്ചറിയുകയും പ്രതികള്‍ക്കെതിരെ റാഗിങ് കുറ്റത്തിനും കേസെടുക്കുകയായിരുന്നു.ആന്റി റാഗിങ് നിയമം കൂടി ചേര്‍ത്തതോടെ പ്രതികളായ വിദ്യാര്‍ഥികള്‍ക്ക് ഇനി ഈ ക്യാംപസില്‍ പഠിക്കാനാകില്ല.