
ചെന്നൈ: ആർകെ നഗർ ഉപതെരഞ്ഞെടുപ്പിൽ എഐഎഡിഎംകെ വിമത സ്ഥാനാർഥി ടി.ടി.വി.ദിനകരനു വൻവിജയം. 40,707 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ദിനകരന്‍റെ വിജയം. ടി.ടി.വി.ദിനകരന് 89,103 വോട്ടുകളാണ് ലഭിച്ചത്. എഐഎഡിഎംകെ ഔദ്യോഗിക വിഭാഗം സ്ഥാനാർഥിയും പാർട്ടി പ്രസീഡിയം ചെയർമാനുമായ ഇ. മധുസൂദനന് 48306 വോട്ടുകളും ഡിഎംകെ സ്ഥാനാർഥി മരുത് ഗണേഷിന് 24,075 വോട്ടുകളുമാണ് ലഭിച്ചത്.ബിജെപി സ്ഥാനാർഥി കരു നാഗരാജ് നോട്ടയ്ക്കും പിന്നിലായി.നേരത്തെ, വോട്ടെണ്ണൽ കേന്ദ്രത്തിനു പുറത്ത് എഐഎഡിഎംകെ പ്രവർത്തകരും ദിനകരൻ അനുകൂലികളും തമ്മിൽ സംഘർഷം ഉടലെടുത്തതോടെ വോട്ടെടുപ്പ് തത്കാലത്തേക്കു നിർത്തിയിരുന്നു. എഐഎഡിഎംകെ വിമത സ്ഥാനാർഥിയായി മത്സരിച്ച ദിനകരന്‍റെ ലീഡ് 4500 കവിഞ്ഞതോടെയാണ് വോട്ടെണ്ണൽ കേന്ദ്രത്തിനു പുറത്ത് സംഘർഷം ഉടലെടുത്തത്.