കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പൊലീസ് തിരയുന്ന ഇളമ്പകപ്പിള്ളി നെടുവേലിക്കുടി സുനിൽ കുമാർ (പൾസർ സുനി–35) മുൻപും ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നതായി വിവരം. 2010 ൽ ഇയാൾ മറ്റൊരു നടിയെയും തട്ടിക്കൊണ്ടുപോയതായുള്ള റിപ്പോർട്ടാണ് പുറത്തു വന്നത്. എന്നാൽ മാനഹാനി ഭയന്ന് അന്ന് നടി സംഭവം പോലീസിൽ റിപ്പോർട്ട് ചെയ്യാത്തത് കാരണം സുനി രക്ഷപെടുകയായിരുന്നു.
കഴിഞ്ഞ ദിവസം യുവ നടിയെ തട്ടിക്കൊണ്ടു പോകാനുള്ള പദ്ധതി തയ്യാറാക്കിയതിൽ മുഖ്യ സൂത്രധാരൻ സുനിയാണ്. ഒരു മാസം മുൻപേ തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതി തയ്യാറാക്കിയിരുന്നു എന്നാണ് കിട്ടിയ വിവരം. ഇതുമായി ബന്ധപ്പെട്ട പോലീസ് പിടികൂടിയ മൂന്നുപേരും കുപ്രസിദ്ധ ഗുണ്ടകളും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളുമാണ്. ശക്തമായ രാഷ്ട്രീയ സമർദ്ദമുള്ളതിനാൽ എത്രയും വേഗം പ്രതികളെ പിടികൂടി മുഖം രക്ഷിക്കാനാണ് സർക്കാരിന്റെയും പോലീസിന്റെയും ശ്രമം.