തിരുവനന്തപുരം:പിഎസ്‌സിയുടെ പോലീസ് കോൺസ്റ്റബിൾ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് റിമാന്റില്‍ കഴിയുന്ന എസ്‌എഫ്‌ഐ നേതാക്കളെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും.ശിവരഞ്ജിത്, നസിം എന്നിവരെ ജയിലിലെത്തിയാവും ചോദ്യം ചെയ്യുക. യൂനിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസില്‍ അറസ്റ്റിലായ ശേഷമാണ് ഇവര്‍ ഉള്‍പ്പെട്ട പരീക്ഷ ക്രമക്കേട് പുറത്തുവന്നത്.ശിവരഞ്ജിത്ത്, പ്രണവ്, നസിം, സഫീര്‍, ഗോകുല്‍ എന്നിവരെ പ്രതിയാക്കി ഈമാസം എട്ടിനാണ് ക്രൈംബ്രാഞ്ച് കേസെടുക്കുന്നത്. യൂനിവേഴ്‌സിറ്റി കോളജില്‍നിന്ന് പോലിസ് കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ത്തിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഗൂഢാലോചന, വഞ്ചന തുടങ്ങിയ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ചോദ്യപേപ്പര്‍ ചോര്‍ത്തി എസ്‌എംഎസ്സുകള്‍ വഴി ഉത്തരമയച്ച് പരീക്ഷ എഴുതിയെന്ന് തെളിഞ്ഞാല്‍ മാത്രമേ പ്രതികള്‍ക്കെതിരേ മറ്റ് വകുപ്പുകള്‍ ചുമത്താന്‍ കഴിയൂ.എന്നാൽ പരീക്ഷാ പേപ്പര്‍ ചോര്‍ത്തി മുന്‍ എസ്‌എഫ്‌ഐ നേതാക്കള്‍ക്ക് എസ്‌എംഎസ് മുഖേന ഉത്തരമയച്ച പോലിസുകാരനുള്‍പ്പടെയുള്ള മുഖ്യപ്രതികളാണ് തെളിവുകളുമായി മുങ്ങിയിരിക്കുകയാണ്.ഉത്തരം അയക്കാനായി പ്രതികള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍ കണ്ടെത്തുകയെന്നത് കേസില്‍ നിര്‍ണായകമാണ്. ഈ ഫോണുകളില്‍നിന്നാണ് ഫൊറന്‍സിക് പരിശോധനയിലൂടെ പ്രധാന തെളിവുകള്‍ കണ്ടെത്തേണ്ടത്. അറസ്റ്റ് നീണ്ടുപോവുന്നതോടെ പ്രതികള്‍ തൊണ്ടിമുതലുകള്‍ നശിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. മൂന്നു പ്രതികളുടെ വീടുകളിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തിയെങ്കിലും തൊണ്ടിമുതലുകളൊന്നും കണ്ടെത്താനായില്ല.