Kerala, News

പിഎസ്‌സി പരീക്ഷാ തട്ടിപ്പ്;പ്രതികളായ നസീമും ശിവരഞ്ജിത്തും ക്രൈംബ്രാഞ്ചിനോട് കുറ്റം സമ്മതിച്ചു

keralanews psc exam scam the accused naseem and shivaranjit pleaded guilty to the crime branch

തിരുവനന്തപുരം:വിവാദമായ പി.എസ്.സി പൊലീസ് കോൺസ്റ്റബിൾ പരീക്ഷ തട്ടിപ്പ് കേസിൽ പ്രതികളായ ശിവരഞ്ജിത്തും നസീമും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. പരീക്ഷാ സമയത്ത് ഉത്തരങ്ങൾ എസ്.എം.എസായി ലഭിച്ചുവെന്നും 70 ശതമാനത്തിലേറെ ചോദ്യത്തിനും ഉത്തരമെഴുതിയത് എസ്.എം.എസ് നോക്കിയാണെന്നും പ്രതികൾ സമ്മതിച്ചു. ശിവരഞ്ജിത്തിനെയും നസീമിനെയും പൂജപ്പുര ജയിലിലെത്തിയാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം ചോദ്യം ചെയ്തത്. എട്ടു മണിക്കൂറോളം ചോദ്യം ചെയ്യൽ നടന്നു.അതേസമയം ചോദ്യം പുറത്ത് പോയത് സംബന്ധിച്ച പൊരുത്തക്കേടുകൾ തുടരുകയാണ്. ചോദ്യം ചെയ്യലിൽ ഇതുമായി ബന്ധപ്പെട്ട കൃത്യമായ മറുപടി പ്രതികൾ നൽകിയില്ല.അതിനിടെ പരീക്ഷാ ക്രമക്കേടിലെ അഞ്ചാം പ്രതി ബി സഫീർ അഗ്നിശമന സേനയുടെ ഫയർമാൻ ലിസ്റ്റിൽ ഉള്‍പ്പെട്ട തെളിവുകളും പുറത്തായി. ലിസ്റ്റിലെ 630ആം റാങ്കുകാരനാണ് സഫീര്‍. പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ആദ്യറാങ്കില്‍ ഇടം നേടിയ ശിവരഞ്ജിത്, പ്രണവ് എന്നിവര്‍ക്ക് മൊബൈല്‍ വഴി ഉത്തരം അയച്ചുകൊടുത്തയാളാണ് സഫീർ.ചോദ്യപേപ്പർ ചോർത്തി എസ്.എം.എസുകള്‍ വഴി ഉത്തരമയച്ച് പരീക്ഷ എഴുതിയെന്ന് തെളിഞ്ഞാൽ മാത്രമേ പ്രതികള്‍ക്കെതിരെ മറ്റ് വകുപ്പുകള്‍ ചുമത്താൻ കഴിയൂ. ഉത്തരമയക്കാനായി പ്രതികള്‍ ഉപയോഗിച്ച മൊബൈൽ ഫോണുകളും കണ്ടെത്തേണ്ടതുണ്ട്. ഈ മാസം എട്ടിനാണ് പരീക്ഷാ തട്ടിപ്പിലെ അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്.

Previous ArticleNext Article