Kerala, News

ശബരിമലയിൽ ദർശനത്തിനെത്തിയ യുവതികളെ പ്രതിഷേധക്കാർ തടഞ്ഞു

keralanews protesters blocked the women who came to visit sabarimala

പത്തനംതിട്ട:ശബരിമലയിൽ ദർശനത്തിനെത്തിയ യുവതികളെ പ്രതിഷേധക്കാർ തടഞ്ഞു.ചേർത്തല സ്വദേശിനി ലിബി,ആന്ധ്രാ സ്വദേശിനിയായ മാധവി എന്നിവരെയാണ് പ്രതിഷേധക്കാർ മലചവിട്ടാൻ അനുവദിക്കാതെ തടഞ്ഞത്.ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കാത്തതിലും ലിംഗനീതി അംഗീകരിക്കിക്കാത്തതിലും പ്രതിഷേധിച്ച്‌ താനടക്കമുള്ള നാലംഗം സംഘം മല ചവിട്ടുമെന്ന് ഫേസ്‌ബുക്കില്‍ പ്രഖ്യാപിച്ചാണ് ലിബിയും സംഘവും പത്തനംതിട്ടയില്‍ എത്തിയത്. എന്നാല്‍ അവിടെ പൊലീസ് തടഞ്ഞപ്പോള്‍ താന്‍ വിശ്വാസിയാണ് എന്നാണ് ലിബി പറഞ്ഞത്. വ്രതം ഉണ്ടോ എന്ന ചോദ്യത്തിനും ഇല്ല എന്ന മറുപടിയാണ് അവര്‍ നല്‍കിയത്.ചേര്‍ത്തല സ്വദേശിയായ ഡോ. ഹരികുമാറിന്റെ ഭാര്യയായ ലിബി അദ്ധ്യാപികയും യുക്തിവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ഒരു ഓണ്‍ലൈന്‍ പത്രത്തിന്റെ എഡിറ്റുമാണ്.പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് ലിബിയെ ശബരിമല പ്രക്ഷോഭകര്‍ തടഞ്ഞത്. ജനം ഇവര്‍ക്ക് നേരെ തിരിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് വലയത്തില്‍ ഇവരെ അവിടെ നിന്നും മാറ്റി. ലിബിക്കൊപ്പം അഭിഭാഷക ദമ്ബതികളും ഒരു അദ്ധ്യാപികയും ഉണ്ടായിരുന്നുവെങ്കിലും ഇവര്‍ പിന്നീട് യാത്രയില്‍ നിന്നും പിന്മാറി.എന്നാൽ ക്ഷേത്രദർശനത്തിൽ നിന്നും പിന്മാറില്ലെന്ന് ലിബി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.നിലവിൽ പോലീസ് സംരക്ഷണയിലാണ് ലിബി.അതേസമയം പ്രതിഷേധത്തെ മറികടന്ന്, ശബരിമല ദര്‍ശനത്തിനെത്തിയ ആന്ധ്ര സ്വദേശിനിയും കുടുംബവും പ്രതിഷേധം ശക്തമായതിനെ തുടർന്ന് തിരിച്ചിറങ്ങി.പൊലീസ് സുരക്ഷ നല്‍കിയെങ്കിലും പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്നാണ് മുന്നോട്ട് പോകാനാകാതെ ഇവര്‍ തിരിച്ചിറങ്ങിയത്.

Previous ArticleNext Article