തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റും, എന്‍ഐഎയും ചോദ്യം ചെയ്ത മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തിയ 3000 പേര്‍ക്കെതിരെ കേസ്. കഴിഞ്ഞ എട്ട് ദിവസത്തിനിടെയാണ് ഇത്രയും പേര്‍ക്കെതിരെ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്.കൊവിഡ് മാനദണ്ഡ ലംഘനം, സംഘം ചേരല്‍, പൊലീസിനെ ആക്രമിക്കല്‍, സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പൊതുമുതല്‍ നശിപ്പിച്ചതിനെതിരേയുള്ള വകുപ്പ് ആര്‍ക്കെതിരേയും ചുമത്തിയിട്ടില്ല. എട്ട് ദിവസം തുടര്‍ച്ചയായി നടന്ന ജലീല്‍ വിരുദ്ധ സമരത്തിലാണ് പോലീസ് 3000 പേര്‍ക്കെതിരേ കേസെടുത്തത്. 25 എഫ്‌ഐആറുകളിലാണ് ഇത്രയുമധികം പേര്‍ പ്രതികളായത്. 500 പേര്‍ അറസ്റ്റിലായി. കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷന്റെ ചരിത്രത്തിലാദ്യമായാണ് ചുരുങ്ങിയ ദിവസങ്ങളില്‍ ഇത്രയും പേര്‍ പ്രതികളായ കേസും അറസ്റ്റും നടക്കുന്നത്.മന്ത്രി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് വിവിധ പ്രതിപക്ഷ പാര്‍ട്ടികളാണ് സമരരംഗത്തിറങ്ങിയിരുന്നത്. ഇതില്‍ ബി.ജെ.പി, യുവമോര്‍ച്ച, മഹിളാമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരുണ്ട്.ജലീലിന്‍റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തില്‍ സമരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ പറഞ്ഞിരുന്നു. ഓരോ ദിവസത്തെയും സമരങ്ങള്‍ക്കെതിരെ പ്രത്യേകം പ്രത്യേകം കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പിഴയടച്ചാല്‍ തീരുന്ന കേസല്ല ഇത് എന്നതാണ് ഏറെ ഗൌരവകരം. കേസില്‍ പ്രതികളാകുന്നവര്‍ കോടതിയില്‍ ഹാജരായിട്ടു തന്നെ നിയമനടപടികള്‍ നേരിടേണ്ടിവരും.