ന്യൂഡല്‍ഹി:പൗരത്വ നിയമഭേദഗതിക്കെതിരെ വടക്ക്കിഴക്കന്‍ ഡല്‍ഹിയില്‍ പ്രതിഷേധം കത്തുന്നു. ചൊവ്വാഴ്ച വൈകീട്ടോടെ കിഴക്കന്‍ ഡല്‍ഹിയിലെ സീലംപുരില്‍ ഉണ്ടായ പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് പ്രദേശത്ത് നിരോധനാഞ്ജ പ്രഖ്യാപിച്ചു.കഴിഞ്ഞ ഒരാഴ്ചയായി സീലംപൂരില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇന്നലെയാണ് പ്രതിഷേധം അക്രമത്തിലേക്കും സംഘര്‍ഷത്തിലേക്കും വഴിമാറിയത്. സംഘര്‍ഷത്തിനിടെ രണ്ട് ബസ്സുകളും നിരവധി വാഹനങ്ങളും തകര്‍ത്തു. പ്രദേശത്ത് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ട നിലയിലാണ്. സംഘര്‍ഷത്തെത്തുടര്‍ന്ന് സീലംപൂര്‍ – ജാഫ്രദാബാദ് റോഡ് പൊലീസ് അടച്ചിരിക്കുകയാണ്.ചൊവ്വാഴ്ച സീലംപുരിലെ പ്രതിഷേധത്തിനിടെ ഉണ്ടായ അക്രമസംഭവങ്ങളില്‍ ആറു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ബ്രിജി പുരി ഏരിയയില്‍ പൊലീസിനുനേരെ കല്ലേറ് നടത്തിയ സംഭവത്തില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ പ്രതിഷേധ റാലികളില്‍ നുഴഞ്ഞുകയറി അക്രമം നടത്തുകയാണെന്ന് പൊലീസ് പറയുന്നു.കഴിഞ്ഞ ദിവസമുണ്ടായ പ്രതിഷേധത്തില്‍ സ്കൂള്‍ ബസ് ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കല്ലെറിഞ്ഞ് തകര്‍ത്തിരുന്നു. സിലംപൂരില്‍ നിന്നും ജഫ്രബാദിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിലാണ് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. തുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിചാര്‍ജ് നടത്തിയിരുന്നു.