Kerala, News

കണ്ണൂരിൽ നാലാം ക്ലാസുകാരിയെ സ്‌കൂളില്‍വെച്ച്‌ പീഡിപ്പിച്ച അദ്ധ്യാപകനായ ബിജെപി നേതാവാവിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തം

keralanews protest aginst not take action against teacher who sexually assulting student in kannur

കണ്ണൂർ:കണ്ണൂരിൽ നാലാം ക്ലാസുകാരിയെ സ്‌കൂളില്‍വെച്ച്‌ പീഡിപ്പിച്ച അദ്ധ്യാപകനായ ബിജെപി നേതാവാവിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു.കണ്ണൂര്‍ പാനൂരിലാണ് നാലാം ക്ലാസുകാരി പീഡനത്തിനിരയായത്.പ്രതിയായ അദ്ധ്യാപകനെതിരെ പീഡനത്തിനിരയായ വിദ്യാർത്ഥിനിയുടെ മൊഴി പുറത്തുവന്നു.ബാത്ത് റൂമില്‍ നിന്നും കുട്ടി കരഞ്ഞു കൊണ്ട് വന്നത് കണ്ടെന്നാണ് കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് മെഡിക്കല്‍ പരിശോധനയിലും വ്യക്തമായിരുന്നു.പ്രതിയായ പദ്മരാജന്‍ പലസമയത്തായി കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ടെന്നും സഹപാഠിയായ പെണ്‍കുട്ടി വെളിപ്പെടുത്തി. വ്യക്തമായ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും ഇതുവരെ പൊലീസ് പ്രതിയെ പിടികൂടിയിട്ടില്ല. ആദ്യം കേസ് അന്വേഷിച്ച പാനൂര്‍ പൊലീസ് കേസ് അട്ടിമറിച്ചെന്നും ആരോപണമുണ്ട്.എന്നാല്‍ സംഭവം ഇത്രയും വിവാദമായിട്ടും പരാതി നല്‍കി ഒരു മാസം കഴിഞ്ഞിട്ടും ഇത് വരെ കേസിന് അനക്കമൊന്നും ഉണ്ടായിട്ടില്ല എന്നതാണ് ഏറ്റവും ഗുരുതരമായ കാര്യം. ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ് പദ്മരാജന്‍.നിരവധി തവണ പീഡിപ്പിക്കപ്പെട്ട കുട്ടിയെയും കുടുംബത്തെയും ചോദ്യം ചെയ്യുകയും വിദഗ്ധരെ കൊണ്ട് കുട്ടിയുടെ മാനസിക നില പരിശോധിപ്പിക്കുകയും ചെയ്ത പൊലീസിനെതിരെ നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്. അധ്യാപകനെ അറസ്റ്റ് ചെയ്യാത്തതില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍‍ശനവുമായി വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രി കെ കെ ശൈലജയും നേരത്തെ രംഗത്ത് എത്തിയിരുന്നു . പ്രതിയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കുകയാണെന്ന് ഡിജിപിയെ വിളിച്ച്‌ അറിയിച്ചതായി മന്ത്രി കെ കെ ശൈലജ പറഞ്ഞു.

2020 ജനുവരി പത്തിനാണ് സ്‌കൂളില്‍ വെച്ച്‌ പത്തുവയസുകാരിയെ അധ്യാപകനായ പദ്മരാജന്‍ ആദ്യം പീഡിപ്പിച്ചത്. എല്‍എസ്‌എസിന്റെ പരിശീലന ക്ലാസ് ഉണ്ടെന്ന് പറഞ്ഞ് സ്‌കൂളിലേക്ക് വിളിച്ച്‌ വരുത്തിയാണ് പീഡനം നടത്തിയത്. പിന്നീട് മൂന്നുതവണ കൂടി പീഡിപ്പിച്ചെന്നാണ് പരാതി. സ്‌കൂളിലെ ടോയ്‌ലെറ്റില്‍ വെച്ചായിരുന്നു പീഡനം. തലശേരി ജനറല്‍ ആശുപത്രിയില്‍ നടന്ന പരിശോധനയിലും കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് മനസിലായി. സംഭവം പുറത്തു പറഞ്ഞാല്‍ ഉമ്മയെയും തന്നെയും കൊന്നുകളയുമെന്നും അധ്യാപകന്‍ ഭീഷണിപ്പെടുത്തിയതായി കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.പിതാവില്ലാത്ത കുട്ടി പീഡനത്തെയും ഭീഷണിയെയും തുടര്‍ന്ന് സ്‌കൂളില്‍ പോകാന്‍ പേടിക്കുകയും മടി കാണിക്കുകയും ചെയ്തതോടെയാണ് കാര്യങ്ങള്‍ പുറത്ത് വരുന്നത്. ബന്ധുക്കള്‍ കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ പീഡിപ്പിക്കപ്പെട്ട വിവരം പെണ്‍കുട്ടി പറഞ്ഞു. തലശേരി ഡിവൈഎസ്പിക്ക് 2020 മാര്‍ച്ച്‌ 16നാണ് പരാതി നല്‍കിയത്. തുടര്‍ന്ന് പാനൂര്‍ സ്റ്റേഷനിലേക്ക് കൈമാറിയ കേസ് ആദ്യം അന്വേഷിച്ചത് സിഐയായിരുന്ന ശ്രീജിത്തായിരുന്നു. പത്ത് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇദ്ദേഹത്തിന് സ്ഥലംമാറ്റമായി. പ്രതിയെ പിടികൂടാനായി പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചെന്നാണ് പൊലീസ് അറിയിച്ചത്.പരാതി നല്‍കിയിട്ട് ഇപ്പോള്‍ 28 ദിവസം പിന്നിടുകയാണ്. ബിജെപി നേതാവും സംഘ്പരിവാര്‍ അനുകൂല അധ്യാപക സംഘടനയായ എന്‍ടിയു ജില്ലാ നേതാവും കൂടിയാണ് പ്രതിയായ പദ്മരാജന്‍. പീഡനത്തെ തുടര്‍ന്ന് സ്‌കൂള്‍ മാനെജ്‌മെന്റ് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. 2011 മുതല്‍ പാലത്തായി യുപി സ്‌കൂളില്‍ ഇയാള്‍ അധ്യാപകനാണ്.

Previous ArticleNext Article