കാസർകോഡ്:ചരിത്ര സ്മാരകവും ഇന്ത്യയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നുമായ ബേക്കൽ കോട്ട കോർപറേറ്റുകൾക്ക് വിൽക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.’സേവ് ബേക്കൽ ഫോർട്ട്,സേവ് ഹെറിറ്റേജ്’ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ കാസർകോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് അഞ്ചിന് വൈകുന്നേരം നാലുമണിക്ക് ബേക്കൽ കോട്ടയ്ക്ക് മുൻപിൽ പ്രതിഷേധക്കോട്ട തീർക്കും.പ്രശസ്ത ചരിത്രകാരനും കോഴിക്കോട് സർവകലാശാല മുൻ വൈസ് ചാന്‍സിലറുമായ ഡോ.കെ.കെ.എൻ കുറുപ്പ് പ്രതിഷേധസംഗമം ഉൽഘാടനം ചെയ്യും.ചടങ്ങിൽ പ്രമുഖ ചരിത്രകാരന്മാരും സാംസ്ക്കാരിക നായകരും പങ്കെടുക്കും.ബേക്കൽ കോട്ടയടക്കം പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള 95 ചരിത്ര സ്മാരകങ്ങൾ വിൽപ്പനയ്ക്ക് വയ്ക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം.കേരളത്തിന്റെ ടൂറിസം പെരുമയുടെ മുഖമുദ്രയായ ബേക്കൽ കോട്ട ഏറ്റവും നന്നായി സംരക്ഷിക്കപ്പെടുന്ന ചരിത്ര സ്മാരകവുമാണ്.ഈ ബേക്കൽ കോട്ടയെ വാണിജ്യ താല്പര്യത്തിനായി കൈമാറുന്ന നടപടി അത്യന്തം പ്രതിഷേധാർഹമാണെന്ന് ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി.