തളിപ്പറമ്പ്:തളിപ്പറമ്പ് തൃച്ചംബരം ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന കലാപരിപാടികൾക്ക് പോലീസ് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം വ്യാപകം. ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിൽ കഴിഞ്ഞ ദിവസം അക്രമം നടന്നിരുന്നു.ഇതിന്റെ പേരിലാണ് നൂറ്റാണ്ടുകളായി പൂക്കോത്ത് നടയിൽ നടന്നുവരുന്ന കലാപരിപാടികൾക്ക് പോലീസ് വിലക്കേർപ്പെടുത്തിയത്.ഇന്നലെയാണ് പരിപാടികൾക്ക് പോലീസ് വിലക്കേർപ്പെടുത്തിയത്. കഴിഞ്ഞ ദിവസം പൂക്കോത്ത് നടയിൽ നടന്ന കലാപരിപാടികളിൽ നിരവധിപേർ പങ്കെടുക്കുകയും യാതൊരു പ്രശ്നങ്ങളുമില്ലാതെ പരിപാടി സമാപിക്കുകയും ചെയ്തിരുന്നു. ഉത്സവാഘോഷങ്ങളിൽ ഇടപെടുന്ന പോലീസിന്റെ നീക്കം ഭക്തജനങ്ങളെ പ്രകോപിതരാക്കിയിരിക്കുകയാണ്. സ്റ്റേഷൻ ഹൗസ് ഓഫീസർ പി.കെ സുധാകരന്റെ തീരുമാനം ലംഘിച്ച് ഇന്ന് പൂക്കോത്ത് നടയിൽ കലാപരിപാടികൾ നടത്താൻ സേവാസമിതി തീരുമാനിച്ചിട്ടുണ്ട്.സേവാസമിതി ഭാരവാഹികൾ ഇന്നലെ ബിജെപി-സിപിഎം നേതാക്കളെ കണ്ട് പ്രശ്നം ചർച്ച ചെയ്തിരുന്നു.ഇന്ന് രാവിലെ ഡിവൈഎസ്പി വേണുഗോപാലിനെയും ഇവർ കാണും. പോലീസിന്റെ എല്ലാ നിർദേശങ്ങളും പാലിച്ചാണ് സേവാ സമിതി ഇത്തവണ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.പതിനായിരങ്ങൾ മുടക്കി 25 സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും ഇതിന്റെ മോണിറ്ററിങ്ങിനായി ക്ഷേത്രത്തിൽ തന്നെ പൊലീസിന് സൗകര്യങ്ങൾ ഏർപ്പെടുത്തി കൊടുക്കുകയും ചെയ്തിരുന്നു. അതേസമയം ക്ഷേത്രത്തിന് സമീപം നടന്ന അക്രമം കൺട്രോൾ യൂണിറ്റിൽ അറിഞ്ഞിട്ടും ഒന്നും ചെയ്യാത്ത പോലീസ് കലാപരിപാടികൾക്ക് വിലക്കേർപ്പെടുത്തിയതിനെതിരെ വ്യാപകമായ ജനരോക്ഷം ഉയർന്നിട്ടുണ്ട്.