കണ്ണൂർ: കെ-റെയിലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് സംഘർഷം.കല്ലിടാൻ വേണ്ടി രാവിലെ ഉദ്യോഗസ്ഥർ എത്തിയപ്പോൾ തന്നെ നാട്ടുകാരും വീട്ടുകാരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സ്ത്രീകളാണ് പ്രതിഷേധ രംഗത്തുണ്ടായിരുന്നത്.ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു.സാധാരണക്കാരെ കൊന്നിട്ട് വേണോ വികസനം. വീടിന്റെ പേരിൽ നിരവധി കടബാദ്ധ്യതകൾ ഉണ്ട്. ആ വീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്നാൽ എന്ത് ചെയ്യും. എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ മുഖ്യമന്ത്രി സമാധാനം പറയേണ്ടി വരും. മുഖ്യമന്ത്രിയുടെ വീടിന് മുന്നിൽ സത്യഗ്രഹമിരിക്കും’ എന്നിങ്ങനെ വീടുകളിൽ നിന്ന് പ്രതിഷേധത്തിനിറങ്ങിയ സ്ത്രീകൾ പറഞ്ഞു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ധർമ്മടം പഞ്ചായത്തിൽ കെ റയിൽ സർവേ കല്ല് സ്ഥാപിക്കാനായില്ല. സർവേ നിർത്തി ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു. നേരത്തെ തന്നെ വലിയ രീതിയിൽ ഇവിടെ പ്രതിഷേധം നടന്നിരുന്നു. നേരത്തെയും ഇവിടെ കല്ലിട്ടിരുന്നു. എന്നാൽ ഇത് പിഴുതെറിയുകയായിരുന്നു. ഈ സ്ഥലത്താണ് ഇപ്പോൾ വീണ്ടും കല്ലിട്ടത്. കല്ല് സ്ത്രീകൾ തന്നെ രംഗത്തെത്തി പിഴുതു മാറ്റുകയും ചെയ്തു. പോലീസുമായുണ്ടായ വാക്കേറ്റത്തിനിടെ ഒരു സ്ത്രീയ്‌ക്ക് ദേഹാസ്വാസ്ഥ്യമുണ്ടാവുകയും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.