തിരുവനന്തപുരം: ഇന്ധനവില വര്‍ധനവിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ മാര്‍ ഇന്ന് നിയമസഭയിലെത്തിയത് സൈക്കിള്‍ ഓടിച്ച്.എംഎല്‍എ ഹോസ്റ്റലില്‍ നിന്ന് സൈക്കിള്‍ ചവിട്ടിയാണ് പ്രതിപക്ഷം നിയമസഭയില്‍ എത്തിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതി ഭീകരതയ്‌ക്കെതിരെയാണെന്ന് ഈ പ്രതിഷേധമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ നികുതി കുറച്ചപ്പോള്‍ കേരളം കൂടി നികുതി കുറയ്ക്കുമെന്നാണ് പ്രതീക്ഷിച്ചത്. പെട്രോളിയം ഉല്‍പന്നങ്ങളുടെ വില കുറയണമെങ്കില്‍ നികുതി കുറയ്ക്കുക തന്നെ വേണം.നികുതി കുറക്കില്ലെന്ന വാശിയാണ് സർക്കാരിന്.കേരളവും കേന്ദ്രവും ഇനിയും നികുതി കുറയ്ക്കണം. കേന്ദ്രം കുറച്ചത് നാമമാത്രമായ നികുതി മാത്രമാണ്. ന്യായമായ വിലയ്ക്ക് ഇന്ധനം ലഭ്യമാക്കണം. സംസ്ഥാനം കുറച്ചതല്ല, ആനുപാതികമായ കുറവ് മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന് സതീശന്‍ പറഞ്ഞു.ഇന്ധനവിലയില്‍ വരുന്ന മാറ്റത്തിനെതിരെ സമരം വ്യാപകമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. സംഭവത്തില്‍ ഇന്ന് അടിയന്തര പ്രമേയം അവതരിപ്പിക്കാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. കെ ബാബുവായിരിക്കും അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കുക.