India, News

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം; ബി.ജെ.പി എം.എല്‍.എയുടെ വീട് പ്രതിഷേധക്കാര്‍ കത്തിച്ചു

keralanews protest against citizenship amendment bill protesters set a blaze bjp mla house

ആസാം:പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ അസമിലെ ചബുവയിൽ ബി.ജെ.പി എം‌.എൽ‌.എ ബിനോദ് ഹസാരിക്കയുടെ വസതി കത്തിച്ചു. കൂടാതെ, വാഹനങ്ങളും സർക്കിൾ ഓഫീസും പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി.പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട അക്രമത്തില്‍ അസമില്‍ മൂന്ന് ആര്‍.എസ്.എസ് ഓഫീസുകള്‍ നേരത്തെ ആക്രമിക്കപ്പെട്ടിരുന്നു. ദില്‍ബ്രുഗയില്‍ ആര്‍.എസ്.എസ് ജില്ലാ ഓഫീസിന് പ്രതിഷേധക്കാര്‍ ഇന്നലെ രാത്രി തീയിട്ടപ്പോള്‍ തേജ്പൂര്‍, സദിയ എന്നിവിടങ്ങളില്‍ ആര്‍.എസ്.എസ് ഓഫീസുകള്‍ അടിച്ചുതകര്‍ത്തു. വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമായ അസമില്‍ ഇന്നലെ രാത്രി കേന്ദ്രമന്ത്രി രാമേശ്വര്‍ തെലിയുടെ വീടിനു നേര്‍ക്കും ആക്രമണമുണ്ടായിരുന്നു. ഇതിനിടെ സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്ന അഭ്യര്‍ഥനയുമായി അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ രംഗത്തുവന്നിട്ടുണ്ട്. പൗരത്വ ഭേദഗതി ബില്‍ ദേശീയതലത്തിലുള്ള ബില്ലാണെന്നും അസം ജനത ഒന്നുകൊണ്ടും പേടിക്കേണ്ടെന്നുമാണ് മുഖ്യമന്ത്രിയുടെ ഉപദേശം.വിവാദമായ പൗരത്വ ഭേദഗതി ബില്‍ ഇന്നലെ 105 വോട്ടിനെതിരേ 125 വോട്ടുകള്‍ക്കാണ് രാജ്യസഭയില്‍ പാസായത്.അതേസമയം, ക്രമസമാധാന സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിന് കേന്ദ്ര സായുധ പൊലീസ് സേനയെ സഹായിക്കാൻ അസം റൈഫിളുകളുടെ അഞ്ച് കമ്പനികളെ അസമിലും മൂന്ന് കമ്പനികളെ ത്രിപുരയിലും വിന്യസിച്ചിട്ടുണ്ട്.

Previous ArticleNext Article