India, News

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം കത്തുന്നു;കർണാടകയിൽ നിരോധനാജ്ഞ

keralanews protest against citizenship amendment bill prohibitory order in karnataka

ബംഗളൂരു:പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം കനത്തതോടെ കര്‍ണാടകയില്‍ ബംഗളൂരു ഉള്‍പ്പെടെ പ്രധാന സ്ഥലങ്ങളില്‍ ശനിയാഴ്ച അര്‍ധരാത്രിവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പൊലീസ്‌ അറിയിച്ചു. പ്രമുഖ ചരിത്രകാരനും ആക്‌റ്റിവിസ്‌റ്റുമായ രാമചന്ദ്രഗുഹയെ ബെംഗളൂരുവിൽ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ബംഗളൂരു ടൗണ്‍ ഹാളിനു മുന്‍പില്‍ പ്രതിഷേധിക്കാനെത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഇന്ന്‌ രാവിലെ 11ന്‌ മൈസൂര്‍ ബാങ്ക് സര്‍ക്കിളില്‍ സിപിഐ എം നേതൃത്വത്തില്‍ ഇടതുപാര്‍ടികളുടെ സംയുക്ത പ്രതിഷേധം ആരംഭിച്ചയുടനെയാണ്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.ഗാന്ധിജിയുടെ ചിത്രമുള്ള പോസ്റ്റര്‍ പിടിക്കുകയും ഭരണഘടനയെക്കുറിച്ച്‌ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയും ചെയ്തതിനാണ് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് രാമചന്ദ്രഗുഹ പ്രതികരിച്ചു. പൊലീസുകാര്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശമനുസരിച്ച്‌ പ്രവര്‍ത്തിക്കുകയാണ്. വിവേചനപരമായ ഒരു നിയമത്തിനെതിരെ തങ്ങള്‍ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു, അച്ചടക്കത്തോടെയായിരുന്നു പ്രതിഷേധം. എല്ലാവരും സമാധാനപരമായാണ് പ്രതിഷേധിച്ചത്. ഏതെങ്കിലും തരത്തിലുള്ള അക്രമം അവിടെ കാണാന്‍ കഴിഞ്ഞോ എന്നും രാമചന്ദ്രഗുഹ ചോദിച്ചു.അതേസമയം കടുത്ത പ്രതിഷേധം തുടരുന്ന ടൗണ്‍ഹാളിനു മുൻപിൽ നിന്ന് കോണ്‍ഗ്രസ് എംഎല്‍എ റിസ്വാന്‍ അര്‍ഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ബെംഗളൂരു ടൗണ്‍ഹാളിനു മുൻപിൽ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ അഞ്ഞൂറോളം പേരാണ് പ്രതിഷേധിക്കാനായി ഒത്തുകൂടിയിരിക്കുന്നത്. പൊലീസുകാരുടെ എണ്ണം കുറവായതിനാല്‍ വളരെ കുറച്ച്‌ പ്രതിഷേധക്കാരെ മാത്രമാണ് ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കൂടുതല്‍ പൊലീസുകാരെ എത്തിക്കുന്നതു വരെ മറ്റ് നടപടികളിലേക്ക് കടക്കേണ്ടെന്നാണ് പൊലീസിന്‍റെ തീരുമാനമെന്നാണ് സൂചന.

Previous ArticleNext Article