ലഖ്നോ: ഉത്തര്‍പ്രദേശില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെ 11 പേര്‍ കൊല്ലപ്പെട്ടു. ബിജിനോര്‍, കാണ്‍പൂര്‍, ഫിറോസാബാദ് എന്നിവിടങ്ങളില്‍ രണ്ട് പേര്‍ വീതവും മീററ്റ്, സാംഭല്‍ ജില്ലകളില്‍ ഓരോരുത്തരും കൊല്ലപ്പെട്ടു.ലഖ്നോവില്‍ പ്രതിഷേധങ്ങള്‍ക്കിടെ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി. എന്നാല്‍, കൊല്ലപ്പെട്ട മറ്റ് രണ്ട് പേരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.പൊലീസ് വെടിവെപ്പിലല്ല പ്രക്ഷോഭകാരികള്‍ കൊല്ലപ്പെട്ടതെന്ന് ഡി.ജി.പി ഒ.പി സിങ് അവകാശപ്പെട്ടു. ഒരാളെ പോലും വെടിവെച്ചിട്ടില്ലെന്നും പൊലീസിന് നേരെ പ്രക്ഷോഭകാരികളാണ് വെടിവെച്ചതെന്നും അദ്ദേഹം പറഞ്ഞു. യു.പിയിലെ 13 ജില്ലകളില്‍ കടുത്ത പ്രതിഷേധമാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയരുന്നത്. ഏകദേശം 21 ജില്ലകളില്‍ ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കിയതായി റിപ്പോര്‍ട്ടുണ്ട്.അതിനിടയില്‍ പൌരത്വ നിയമ ഭേദഗതിക്കെതിരെ ദില്ലി ജമാ മസ്ജിദിന് മുന്‍പില്‍ പ്രതിഷേധിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആസാദിനെ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് മുന്‍പ് ജമാ മസ്ജിദിന് മുന്‍പില്‍ നിന്നും പ്രവര്‍ത്തകരെ പൊലീസ് ഒഴിപ്പിച്ചിരുന്നു. പശ്ചിമബംഗാളിലും പ്രതിഷേധം അലയടിക്കുകയാണ്. മുഖ്യമന്ത്രി മമതാ ബാനര്‍ജി നേരിട്ടെത്തിയാണ് മുഴുവന്‍ റാലികള്‍ക്കും നേതൃത്വം നല്‍കുന്നത്.