മംഗളൂരു:മംഗളുരുവില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് വെടിവെപ്പ്. വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ജലീല്‍, നൌഷിന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.ഇന്നലെ വൈകുന്നേരം 4.30ഓടെയാണ് സംഭവം.വെടിവെപ്പില്‍ പരിക്കേറ്റവരില്‍ മുന്‍ മേയര്‍ അഷ്റഫുമുണ്ട്. അഷ്റഫിന്‍റെയും നസീം എന്നയാളുടെയും നില അതീവ ഗുരുതരമാണ്. ബന്തര്‍ പൊലീസ് സ്റ്റേഷന് സമീപമാണ് വെടിവെപ്പുണ്ടായത്.പരിക്കേറ്റ സമരക്കാരെ പ്രവേശിപ്പിച്ച ആശുപത്രിയിലും പൊലീസ് അക്രമം നടത്തി. ഹൈലാന്‍ഡ് ആശുപത്രിയിലാണ് പൊലീസ് അതിക്രമം നടത്തിയത്.സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മംഗളൂരൂ കമ്മീഷണറേറ്റ് പരിധിയില്‍ മുഴുവന്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. നേരത്തെ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രമായിരുന്നു കര്‍ഫ്യൂ. വെടിവെപ്പുണ്ടായതോടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വടക്കന്‍ കേരളത്തിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ പോലീസ് സുരക്ഷ കര്‍ശനമാക്കി. കര്‍ണാടകത്തിലെ മുഴുവന്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രതിഷേധത്തിനിടെ പോലീസ് വെടിവയ്പ്പില്‍ ഇന്നലെ രാജ്യത്താകെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. മംഗലാപുരത്ത് രണ്ട് പേരും ലഖ്‌നൗവില്‍ ഒരാളുമാണ് കൊല്ലപ്പെട്ടത്. അതേസമയം തങ്ങള്‍ ഉപയോഗിച്ചത് റബ്ബര്‍ പെല്ലെറ്റാണെന്ന് കര്‍ണ്ണാടക പോലീസും വെടിവച്ചിട്ടില്ലെന്ന് യുപി പോലീസും പറഞ്ഞു.