Kerala

നടിയെ ആക്രമിച്ച കേസിൽ വിചാരണകോടതി മാറ്റണമെന്ന് ഹര്‍ജിയുമായി പ്രോസിക്യൂഷന്‍; ഈ കോടതിയില്‍ നിന്നും ഇരക്ക് നീതി കിട്ടില്ലെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍

keralanews prosecution with petition to change trial court in actress attack case special prosecutor said that the victim did not get justice from this court

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്ന് ആവശ്യവുമായി പ്രോസിക്യൂഷന്‍.പ്രത്യേക കോടതി ജഡ്ജ് ഹണി എം വര്‍ഗീസിനെതിരെയാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സുരേശന്‍ ഹരജി നല്‍കിയത്.വിചാരണ കോടതിയില്‍ നിന്ന് സുതാര്യമായ നടപടികള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. അതിനാല്‍ കോടതി മാറ്റം ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹര്‍ജി ഫയല്‍ ചെയ്തു.ഹൈക്കോടതിയില്‍ ട്രാന്‍സ്ഫര്‍ പെറ്റീഷന്‍ നല്‍കുമെന്നും അതുവരെ വിചാരണ നടപടികള്‍ നിര്‍ത്തിവെക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. പ്രോസിക്യൂഷനെതിരെ ഒട്ടും അടിസ്ഥാനമില്ലാത്തതും വസ്തുതാവിരുദ്ധവുമായ ആരോപണങ്ങള്‍ കോടതി ഉന്നയിച്ചെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.ഇരയായ നടിയുടെ ആവശ്യപ്രകാരം ഹൈക്കോടതിയാണ് വനിതാ ജഡ്ജിയുള്ള സി.ബി.ഐ പ്രത്യേക കോടതിയിലേക്ക് കേസിന്‍റെ വിചാരണ മാറ്റിയത്. ഈ കോടതിയില്‍ വിചാരണ തുടര്‍ന്നാല്‍ ഇരയായ നടിക്കും നീതി ലഭിക്കില്ലെന്നാണ് പ്രോസിക്യൂഷന്‍റെ ആരോപണം. അതിനാല്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റുന്നതുവരെ വിചാരണ നിര്‍ത്തി വെയ്ക്കണമെന്നാണ് പ്രോസിക്യൂഷന്‍റെ ആവശ്യം.  കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം 182 ആമത്തെ സാക്ഷിയെ കോടതിയില്‍ വിസ്തരിച്ചിരുന്നു. ഈ ഘട്ടത്തില്‍ പ്രോസിക്യൂഷന് എതിരെയുള്ള ഒരു കത്തും കോടതി വായിച്ചു. ഈ സാഹചര്യത്തില്‍ സുതാര്യമായ വിചാരണ കോടതിയില്‍ നടക്കുമെന്ന് കരുതുന്നില്ല. ഇരയ്ക്ക് നീതി ലഭ്യമാകും എന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല. ഇതിനാല്‍ കോടതി മാറ്റണമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഹര്‍ജി കോടതി ഇന്ന് തന്നെ പരിഗണിച്ചേക്കുമെന്നാണ് സൂചന.തീര്‍ത്തും അസാധാരണമായ ഈ സംഭവത്തില്‍ ഹര്‍ജിയില്‍ കോടതി എന്ത് നിലപാട് എടുക്കും എന്നതും സുപ്രധാനമാണ്. കോടതി നടപടികള്‍ മറ്റൊരു കോടതിയിലേയ്ക്ക് മാറ്റുക എന്നതാണ് ട്രാന്‍സ്ഫര്‍ പെറ്റീഷന്റെ ലക്ഷ്യം. കേസില്‍ വളരെ വേഗത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ വിചാരണ നീണ്ട് പോവുകയായിരുന്നു. അതിനിടയിലാണ് വിചാരണകോടതി തന്നെ മാറ്റാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Previous ArticleNext Article