മംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് മംഗളൂരുവില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിച്ചു. പ്രതിഷേധങ്ങള്‍ക്ക് അയവ് വന്നതോടെയാണ് ഇക്കഴിഞ്ഞ 18ന് പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിച്ചത്. ക്രിസ്തുമസ് ആഘോഷങ്ങള്‍ കൂടി പരിഗണിച്ചാണ് നിരോധനാജ്ഞ പിന്‍വലിക്കാന്‍ പൊലീസ് തീരുമാനിച്ചത്. പ്രതിഷേധത്തിനിടെയുണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതും തുടര്‍ന്നുണ്ടായ സംഭവങ്ങളും ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. കോണ്‍ഗ്രസും മുസ്‌ലിം സമുദായസംഘടനകളും മംഗളൂരുവിലെ വെടിവെപ്പിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.മംഗളൂരുവില്‍ തിങ്കളാഴ്ച ബസ്സുകളും മറ്റുവാഹനങ്ങളും നിരത്തിലിറങ്ങി.കടകമ്പോളങ്ങൾ തുറന്നു. ഓഫീസുകളും സ്കൂളുകളും പ്രവര്‍ത്തിച്ചു. അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ല. തീവണ്ടികളും കര്‍ണാടകയില്‍നിന്ന് പുറപ്പെടുന്ന ദീര്‍ഘദൂരബസ്സുകളും സര്‍വീസ് നടത്തി.നഗരത്തില്‍ പോലീസിന്റെ പട്രോളിങ് നടക്കുന്നുണ്ടെങ്കിലും അത് ജനജീവിതത്തെ ബാധിക്കുന്നതരത്തിലായിരുന്നില്ല.അതേസമയം സിപിഐഎം എംപിമാരടക്കമുള്ള സംഘം ഇന്ന് മംഗളൂരു സന്ദര്‍ശിക്കും.എംപിമാരായ കെ കെ രാഗേഷ്, കെ സോമപ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും സിപിഐഎം നേതാക്കളുമാണ് മംഗളൂരു സന്ദര്‍ശിക്കുക.