Kerala, News

സംസ്ഥാനത്ത് 14 ജില്ലകളിലും ഇന്ന് മുതൽ നിരോധനാജ്ഞ;പൊതുഇടങ്ങളില്‍ ആള്‍ക്കൂട്ടങ്ങള്‍ക്ക് നിരോധനം

keralanews prohibitory order in the state from today public places should not be crowded with more than five people

തിരുവനന്തപുരം:സംസ്ഥാനത്ത് 14 ജില്ലകളിലും ഇന്ന് മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.വിവിധ ജില്ലകളിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് അതാത് കലക്ടര്‍മാരാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കാസര്‍ക്കോട് ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് മുതല്‍ ഈ മാസം 31 വരെയാണ് നിയന്ത്രണം. ഈ മാസം ഒമ്പതുവരെയുള്ള ഒരാഴ്ച കാലയളവിലേക്കാണ് കാസര്‍കോട് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. പൊതുഇടങ്ങളില്‍ അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം ചേരാന്‍ പാടില്ല. കണ്ടെയ്‍ന്‍‍മെന്‍റ് സോണുകളില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് രോഗബാധ രൂക്ഷമായ സാഹചര്യത്തില്‍ സമ്പര്‍ക്ക രോഗവ്യാപനം തടയാനാണ് ആൾക്കൂട്ടങ്ങൾക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത്. കണ്ടെയ്‍ന്‍‍മെന്‍റ് സോണുകളില്‍ വിവാഹം, ശവസംസ്‌കാരം എന്നിവയ്‌ക്കൊഴികെ അഞ്ചുപേരില്‍ കൂടുതല്‍ പാടില്ല. ഈ പ്രദേശങ്ങളില്‍ വിവാഹം, ശവസംസ്‌കാരം എന്നിവയ്ക്ക് പരമാവധി 20 പേരെ പങ്കെടുപ്പിക്കാം.കണ്ടെയ്‍ന്‍‍മെന്‍റ് സോണിനു പുറത്ത് അഞ്ചുപേരില്‍ കൂടുതലുള്ള പൊതുപരിപാടികളോ കൂട്ടം ചേരലുകളോ അനുവദിക്കില്ല. വിവാഹത്തിന് 50 പേര്‍ക്കും ശവസംസ്കാര ചടങ്ങില്‍ 20 പേര്‍ക്കും പങ്കെടുക്കാം. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ, മതചടങ്ങുകള്‍ എന്നിവ പരമാവധി 20 പേരെ വരെ പങ്കെടുപ്പിക്കാം. പൊതുഗതാഗതം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവയുണ്ടാകും.ഇപ്പോള്‍ പ്രഖ്യാപിച്ച പൊതു പരീക്ഷകള്‍ മുന്‍നിശ്ചയിച്ചതനുസരിച്ച് നടത്താം. എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ ശക്തമായും പാലിക്കണം. ഇനി പ്രഖ്യാപിക്കാനുള്ള പരീക്ഷകള്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതിയോടെ മാത്രമേ ക്രമീകരിക്കാവൂ. ബാങ്കുകള്‍, കടകള്‍, മറ്റു വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയ്ക്കു മുന്‍പില്‍ ഒരേസമയം അഞ്ചുപേരില്‍ കൂടുതല്‍ അനുവദിക്കില്ല.

Previous ArticleNext Article