Kerala, News

സംവിധായകന്‍ റോഷന്‍ ആഡ്രൂസിന് നിര്‍മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തി

keralanews producers association banned director roshan andrews

തൃശൂര്‍:ഗുണ്ടകളെ ഉപയോഗിച്ച്  തന്നേയും കുടുംബത്തേയും വീട് കയറി ആക്രമിച്ചു എന്ന നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയുടെ പരാതിയില്‍ സംവിധായകന്‍ റോഷന്‍ ആഡ്രൂസിന് നിര്‍മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തി. ശനിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു ആല്‍വിന്റെ വീടിന് നേരെ ആക്രമണം ഉണ്ടായത്.റോഷന്‍ ആന്‍ഡ്രൂസ് പതിനഞ്ചോളം ഗുണ്ടകളും ചേര്‍ന്ന് തന്നെയും കുടുംബത്തെയും വീട് കയറി ആക്രമിക്കുകയായിരുന്നു.ആ സമയത്ത് വീട്ടിലുണ്ടായിരുന്ന തന്റെ സുഹൃത്തായ ഡോക്ടറെയും ഗുണ്ടകള്‍ ആക്രമിച്ചെന്നും സ്‌കൂളില്‍ പോകുന്ന തന്റെ മകളെ പോലും വെറുതെ വിട്ടില്ലെന്നും ആല്‍വിന്‍ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ ഡിജിപിക്ക് പരാതിയും നല്‍കിയിരുന്നു. ഇതിന്റെ  അടിസ്ഥാനത്തില് നിര്‍മാതാക്കളുടെ സംഘടന സംവിധായകന് വിലക്കേര്‍പ്പെടുത്തിയത്. അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തള്ളി റോഷന്‍ ആന്‍ഡ്രൂസും രംഗത്തെത്തി.ആല്‍വിന്‍ ആന്റണിയുടെ മകന്‍ ആല്‍വിന്‍ ജോണ്‍ ആന്റണി തന്റെ കൂടെ അസിസ്റ്റന്റായി മുംബൈ പോലീസ്, ഹൗ ഓള്‍ഡ് ആര്‍ യു എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും മയക്കുമരുന്നിന്റെ ഉപയോഗം ഇയാള്‍ക്കുണ്ടായിരുന്നുവെന്നും ഒരിക്കല്‍ താക്കീത് നല്‍കിയെങ്കിലും പിന്നീട് വീണ്ടും ഉപയോഗം തുടര്‍ന്നപ്പോള്‍ ഇയാളെ പുറത്താക്കുകയായിരുന്നുവെന്നുമാണ് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നത്.ഇതിന്റെ പ്രതികാരമായി തനിക്കെതിരെ ഇയാള്‍ തുടര്‍ച്ചയായി അപവാദ പ്രചരണം നടത്തിയെന്നും ഒടുവില്‍ അസഹ്യമായപ്പോള്‍ ചോദിക്കാന്‍ ചെന്ന തന്നെയും തന്റെ സുഹൃത്ത് നവാസിനേയും ഇയാളും അച്ഛനും കൂട്ടാളികളും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്നും നവാസിന്റെ വയറില്‍ ഇവര്‍ തൊഴിച്ചുവെന്നുമാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ ആരോപണം. ആല്‍വിനും കൂട്ടുകാരനും തന്നെ മര്‍ദിച്ചുവെന്നു കാണിച്ചു റോഷന്‍ ആന്‍ഡ്രൂസും പരാതി നല്‍കിയിട്ടുണ്ട്.

Previous ArticleNext Article