കണ്ണൂർ:കണ്ണൂർ യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി.യൂത്ത് കോൺഗ്രസ് കണ്ണൂർ ലോക്സഭാ കമ്മിറ്റിക്ക് പുതിയ പ്രസിഡന്റിനെ നിയമിച്ചതാണ് പൊട്ടിത്തെറിക്ക് വഴിവെച്ചത്.യൂത്ത് കോൺഗ്രസ് കണ്ണൂർ പാര്ലമെന്റ് മണ്ഡലം കമ്മിറ്റി പ്രെസിഡന്റായി ജില്ലയിൽ നിന്നുള്ള സംസ്ഥാന സെക്രെട്ടറിയായ ജോഷി കണ്ടത്തിലിനെ നിയമിച്ചിരുന്നു. ഇതിനെ തുടർന്ന് മൂന്നു യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രെട്ടറിമാർ രാജി വെച്ചു.യൂത്ത് കോൺഗ്രസ് അഴീക്കോട് നിയോജകമണ്ഡലം ജനറൽ സെക്രെട്ടറിമാരായ നിസാർ മുല്ലപ്പള്ളി,നബീൽ വളപട്ടണം,നികേത് നാറാത്ത് എന്നിവരാണ് സംസ്ഥാന പ്രസിഡന്റിന് രാജിക്കത്ത് നൽകിയത്. പ്രസിഡന്റായിരുന്ന റിജിൽ മാക്കുറ്റിയെ സസ്‌പെൻഡ് ചെയ്തതിനെ തുടർന്ന് പ്രസിഡന്റ് സ്ഥാനം മാസങ്ങളായി ഒഴിഞ്ഞു കിടക്കുകയായിരുന്നു.കേന്ദ്ര സർക്കാരിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ സമരത്തിൽ പരസ്യമായി മാടിനെ അറുത്ത സംഭവത്തിൽ റിജിൽ മാക്കുറ്റിയെയും ജോഷി കണ്ടത്തിലിനെയും അഴീക്കോട് നിയജക മണ്ഡലം പ്രസിഡന്റ് ശറഫുദ്ധീൻ കാട്ടാമ്പള്ളിയേയും ജസ്റ്റിസൻ ചാണ്ടിക്കൊള്ളിയെയും പാർട്ടി സസ്‌പെൻഡ് ചെയ്തിരുന്നു.എന്നാൽ വിശദീകരണങ്ങളുടെ അടിസ്ഥാനത്തിൽ ജോഷിയുടെ സസ്‌പെൻഷൻ പാർട്ടി പിൻവലിച്ചിരുന്നു. എന്നാൽ ഒരേ സമരത്തിൽ റിജിലിനൊപ്പം പാർട്ടി നടപടി നേരിട്ടയാളാണ് ജോഷിയെന്നും റിജിലിന്റെയും ഷറഫുദീന്റെയും ജസ്റ്റിസൻറെയും സസ്‌പെൻഷൻ പിൻവലിക്കാതെ ജോഷിയെ പുതിയ പ്രസിഡന്റായി നിയമിച്ചതുമാണ് പ്രശ്നങ്ങൾക്ക് കാരണം.