India, News

സോന്‍ഭദ്ര സന്ദർശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെ പോലീസ് കരുതല്‍ കസ്റ്റഡിയിലെടുത്തു;പ്രദേശത്ത് സംഘർഷ സാധ്യത

keralanews priyanka gandhi taken into preventive custody on the way to meet sonbhadra land dispute victims

ഉത്തർപ്രദേശ്:മിര്‍സാപൂരിലെ സോന്‍ഭദ്രയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ കോൺഗ്രസ്സ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പോലീസ് കരുതല്‍ കസ്റ്റഡിയിലെടുത്തു.സ്ഥലത്ത് നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ നാലിലധികം പേരെ കടത്തിവിടാനാകില്ലെന്ന് കാണിച്ചാണ് പ്രിയങ്കയെ കസ്റ്റഡിയില്‍ വെച്ചത്.മിര്‍സാപൂരിലെത്തിയ പ്രിയങ്കയെ പോലീസ് തടഞ്ഞതോടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം പ്രിയങ്ക റോഡരികില്‍ ഇരുന്ന് പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ മൂന്നു സ്ത്രീകൾ ഉൾപ്പെടെ പത്ത് പേരാണ് മിര്‍സാപൂരില്‍ കൊല്ലപ്പെട്ടത്. 24 പേര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ഒന്ന് കാണുകയും ആശ്വസിപ്പിക്കുകയും മാത്രമാണ് തന്റെ ആവശ്യം. ഒരു കരുണയുമില്ലാതെയാണ് അവരുടെ ഉറ്റവരെ കൊലപ്പെടുത്തിയത്. എന്റെ മകന്റെ പ്രായമുള്ള ഒരു ആണ്‍കുട്ടിയും വെടിയേറ്റ് ആശുപത്രിയില്‍ കഴിയുന്നുണ്ട്. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തന്നെ ഇവിടെ തടഞ്ഞ് വെച്ചിരിക്കുന്നതെന്നും പ്രിയങ്ക ചോദിച്ചു. പരിക്കേറ്റവരെ വരാണസിയിലെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച ശേഷമാണ് പ്രിയങ്ക കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനായി എത്തിയത്.രണ്ടുവര്‍ഷം മുൻപ് ഗ്രാമമുഖ്യന്‍ യാഗ്യ ദത്ത് എന്നയാൾ ഇവിടെ 36 ഏക്കര്‍ കൃഷിസ്ഥലം വാങ്ങിയിരുന്നു. ഇയാളും സഹായികളും കൂടി സ്ഥലമേറ്റെടുക്കുന്നതിനുവേണ്ടി ഇവിടെയെത്തുകയും ട്രാക്ടറുകള്‍ എത്തിച്ചു നിലമുഴാനും തുടങ്ങി.ഈ നീക്കം ഗ്രാമവാസികള്‍ തടഞ്ഞു. തുടര്‍ന്ന് യാഗ്യ ദത്തിന്റെ അനുയായികള്‍ ഇവര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.അതേസമയം സംഭവത്തില്‍ 29 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ശക്തമായ അന്വേഷണം നടന്ന് വരികയാണെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

 

Previous ArticleNext Article