India, Kerala, News

പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം; ഇന്നും നാളെയും ബാങ്ക് പണിമുടക്ക്

keralanews privatization of public sector banks bank strike today and tomorrow

തിരുവനന്തപുരം: പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കാനുള്ള ബാങ്കിങ് നിയമ ഭേദഗതി നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ നേതൃത്വത്തില്‍ ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.10 ലക്ഷം ജീവനക്കാരാണു പണിമുടക്കുന്നത്. എസ്ബിഐ സേവനങ്ങളെയും പഞ്ചാബ് നാഷണല്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ആര്‍ബിഎല്‍ ബാങ്ക് എന്നിവയുടെ പ്രവര്‍ത്തനത്തെയും രണ്ട് ദിവസത്തെ പണിമുടക്ക് ബാധിക്കും.പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കേണ്ട ആവശ്യമില്ലെന്നും ഈ നീക്കത്തിനെതിരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് കെ.എസ്.കൃഷ്ണ പറഞ്ഞു.2021-22 ബജറ്റില്‍ 1.75 ലക്ഷം കോടി രൂപ സമാഹരിക്കാനുള്ള ഓഹരി വിറ്റഴിക്കലിന്റെ ഭാഗമായി പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള പദ്ധതി ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു.പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബാങ്കിംഗ് നിയമ (ഭേദഗതി) ബില്‍ 2021 അവതരിപ്പിക്കുമെന്ന് കേന്ദ്രം നേരത്തെ സൂചിപ്പിച്ചിരുന്നു. 1970ലെ ബാങ്കിംഗ് കമ്പനികളുടെ നിയമത്തിലെ വ്യവസ്ഥ ഭേദഗതി ചെയ്യാനാണ് ബില്‍ ലക്ഷ്യമിടുന്നത്. പൊതുമേഖല ബാങ്കുകളില്‍ എല്ലായ്‌പ്പോഴും സര്‍ക്കാരിന് 51 ശതമാനം ഓഹരി നിര്‍ബന്ധിതമാക്കുന്ന വ്യവസ്ഥയായിരുന്നു ഇത്. പുതിയ ബില്‍ സര്‍ക്കാരിന്റെ ഏറ്റവും കുറഞ്ഞ ഓഹരി പങ്കാളിത്തം 26 ശതമാനമായി കുറയ്ക്കും. പൊതുമേഖലാ ബാങ്കുകളുടെയും സ്വകാര്യ, ഗ്രാമീണ ബാങ്കുകളുടെയും പ്രവര്‍ത്തനത്തെ സമരം ബാധിക്കും. ശനി, ഞായര്‍ ദിവസങ്ങള്‍ അവധിയായതിനാല്‍ തുടര്‍ച്ചയായ നാല് ദിവസം ബാങ്ക് ശാഖകള്‍ വഴിയുള്ള ഇടപാടുകള്‍ തടസ്സപ്പെടാന്‍ സാധ്യതയുണ്ട്.

Previous ArticleNext Article