Kerala, News

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ ഇന്നു മുതൽ ഓടിത്തുടങ്ങും; ആദ്യം നിരത്തിലിറങ്ങുന്നത് ഒറ്റയക്ക നമ്പർ വണ്ടികൾ;നിർദേശം പ്രായോഗികമല്ലെന്ന് ബസ്സുടമകൾ

keralanews private buses will run in the state from today buses with odd number will run first bus owners say the proposal is not practical

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് സർവീസുകൾ ഇന്ന് മുതൽ ആരംഭിക്കും.  ഒറ്റ, ഇരട്ട അക്ക നമ്പർ അനുസരിച്ച് ബസുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമെ സർവ്വീസ് നടത്തുകയുള്ളൂ. ഇതുസംബന്ധിച്ച് മാർഗ നിർദ്ദേശം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഇന്ന് ഒറ്റ അക്ക നമ്പർ ബസുകളാവും സർവീസ് നടത്തുക.അടുത്ത തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഇരട്ട അക്ക നമ്പർ ബസുകൾക്ക് സർവ്വീസ് നടത്താം. ചൊവ്വ, വ്യാഴം ദിവസങ്ങളിലും തുടർന്ന് വരുന്ന തിങ്കളാഴ്ചയും ഒറ്റ നമ്പർ ബസുകൾ വേണം നിരത്തിൽ ഇറങ്ങേണ്ടത്.ശനി, ഞായർ ദിവസങ്ങളിൽ ബസ് സർവ്വീസ് അനുവദനീയമല്ല. എല്ലാ സ്വകാര്യ ബസുകൾക്കും എല്ലാ ദിവസവും സർവ്വീസ് നടത്താവുന്ന സാഹചര്യമല്ല നിലവിൽ ഉള്ളതെന്ന് ഗതാഗത മന്ത്രി ആൻറണി രാജു പറഞ്ഞു. നിലവിലെ കൊറോണ സാഹചര്യം കൂടി കണക്കിലെടുത്താണ് ഒന്നിടവിട്ട ദിവസങ്ങൾ വച്ച് ബസുകൾ മാറി മാറി സർവ്വീസ് നടത്തണമെന്ന നിബന്ധന കൊണ്ടു വന്നിരിക്കുന്നത്. എല്ലാ സ്വകാര്യ ബസ് ഉടമകളും ഈ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

അതേസമയം ഒറ്റ, ഇരട്ടയക്ക ക്രമീകരണം അനുസരിച്ച്‌ ഒന്നിടവിട്ട ദിവസങ്ങളിലെ സര്‍വീസ് പ്രായോഗികമാവില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍ അറിയിച്ചു.റ്റയക്ക നമ്പറുകളാണ് കൂടുതല്‍ എന്നതിനാല്‍ ഒരു ദിവസം കൂടുതല്‍ ബസുകളും പിറ്റേന്നു കുറവു ബസുകളും സര്‍വീസ് നടത്തുന്ന സാഹചര്യം ഉണ്ടാവുമെന്ന് ബസ് ഉടമകള്‍ പറയുന്നു.വിശ്വാസത്തിന്റെ പേരില്‍ ഒറ്റയക്ക നമ്പറുകളാണ് ബസ് ഉടമകള്‍ കൂടുതലും തെരഞ്ഞെടുത്തിട്ടുള്ളതെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എംബി സത്യന്‍ പറഞ്ഞു. അതു കൊണ്ടുതന്നെ ഒരു ദിവസം കൂടുതല്‍ ബസുകളും പിറ്റേന്നു കുറവു ബസുകളുമാണ് സര്‍വീസിന് ഉണ്ടാവുക. ഇത് യാത്രക്കാരെ അകറ്റാനാണ് ഉപകരിക്കുകയെന്ന് സത്യന്‍ പറയുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ സര്‍വീസിന് അനുമതിയില്ല. ആഴ്ചയില്‍ രണ്ടു ദിവസത്തേക്കു മാത്രമായി ജോലിക്കാരെ കിട്ടാന്‍ പ്രയാസമാവുമെന്ന് കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി ഗോപിനാഥന്‍ പറഞ്ഞു. ഈ രീതിയില്‍ സര്‍വീസ് നടത്തണോയെന്ന് ബസ് ഉടമകള്‍ ആലോചിച്ചു തീരുമാനിക്കുകയെന്നും ഗോപിനാഥന്‍ അറിയിച്ചു.

Previous ArticleNext Article