തിരുവനന്തപുരം:സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തി.ഒന്‍പതിനായിരം ബസുകളാണ് ഇനി നിരത്തിലിറങ്ങുന്നില്ലെന്ന് കാട്ടി സര്‍ക്കാരിന് ജിഫോം നല്‍കിയിരിക്കുന്നത്. ബസ്സുടമകളുടെ സംയുക്ത സമിതിയുടെ തീരുമാനത്തെ തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചത്.വളരെ കുറച്ച് ബസുകള്‍ മാത്രം സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. ഇതേ പ്രതിസന്ധി തുടരുകയാണെങ്കില്‍ വരും ദിവസങ്ങളില്‍ അതും നിലയ്ക്കും.കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പൊതുഗതാഗതം ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം കുറഞ്ഞതാണ് വലിയ തിരിച്ചടി.ഒപ്പം സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ വന്നിട്ടും സ്വകാര്യ ബസുകള്‍ക്ക് സാമ്പത്തിക നഷ്ടവും തുടരുകയാണ്. അടിക്കടിയുള്ള ഇന്ധനവില വര്‍ധനവും ഉടമകളെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളി വിടുന്നത്. ഈ കാരണങ്ങള്‍ ചൂണ്ടികാട്ടിയാണ് സ്വകാര്യബസ് സര്‍വീസ് നിര്‍ത്തിവെച്ചത്. കൊവിഡ് പ്രതിസന്ധി അവസാനിക്കുവരെ ഇന്ധനത്തിന് സബ്‌സിഡി അനുവദിക്കുക, തൊഴിലാളികളുടെ ക്ഷേമനിധി സര്‍ക്കാര്‍ അടക്കുക,ഡിസംബർ വരെയുള്ള റോഡ് നികുതി ഒഴിവാക്കുക, തുടങ്ങിയ ആവശ്യങ്ങളെല്ലാം ബസുടമകള്‍ മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ ഡിസംബര്‍ വരെയുള്ള റോഡ് നികുതി ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് ഗതാഗത വകുപ്പിന്റെ നിലപാട്.