
ഇരിട്ടി:ബസ് കണ്ടക്റ്ററെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് ഇരിട്ടി-കണ്ണൂർ,ഇരിട്ടി-തലശ്ശേരി റൂട്ടുകളിൽ സ്വകാര്യ ബസ്സുകൾ പണിമുടക്കുന്നു.ബസ് ഉടമകളുടെയും തൊഴിലാളി യൂണിയനുകളുടെയും സംയുക്ത യോഗമാണ് പണിമുടക്കിന് ആഹ്വാനം നൽകിയത്.ഇന്നലെ രാവിലെ തലശ്ശേരിയിൽ നിന്നും ഇരിട്ടിയിലേക്ക് വരികയായിരുന്ന ശ്രീഹരി ബസ്സിലെ കണ്ടക്റ്റർ സി.എച് റിയാസിനെ മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ വെച്ച് മർദിക്കുകയും കളക്ഷൻ ബാഗ് പിടിച്ചുവാങ്ങി അതിലെ പണമെടുത്തു എന്നുമാണ് പരാതി.ഒരു സ്റ്റോപ്പിൽ നിർത്തിയില്ല എന്ന് പറഞ്ഞാണ് പോലീസ് ബസ് പിടിച്ചു വെച്ച് ആയിരം രൂപ പിഴയീടാക്കിയത്. രാവിലെയായതിനാൽ പണം ഇല്ല വൈകിട്ട് അടയ്ക്കാം എന്ന് പറഞ്ഞപ്പോൾ കണ്ടക്റ്റർ മർദിക്കുകയും ബാഗ് പിടിച്ചു വാങ്ങുകയും ചെയ്തതായി തൊഴിലാളികൾ പറഞ്ഞു.തലശ്ശേരി-വളവുപാറ റോഡിന്റെ നവീകരണ പ്രവർത്തി നടക്കുന്നതിനാൽ തലശ്ശേരിൽ നിന്നും ഇരിട്ടിയിലേക്കുള്ള ബസ്സുകൾ കതിരൂരിൽ നിന്നും കായലോട് വഴിയാണ് കൂത്തുപറമ്പിൽ എത്തുന്നത്.ഇതുമൂലം 20 മിനുട്ട് അധികം ഓടേണ്ടതായും വരുന്നു.ഈ വസ്തുതകൾ മനസ്സിലാക്കാതെ മട്ടന്നൂർ പോലീസ് ബസ്സ് തൊഴിലാളികളെ പീഡിപ്പിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.