Kerala, News

തലശ്ശേരി ബ്രണ്ണൻ കോളേജിൽ എബിവിപി യുടെ കൊടിമരം പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ എടുത്തുമാറ്റി

keralanews principal removed abvp flag from brennen college thalasseri

കണ്ണൂർ:തലശ്ശേരി ബ്രണ്ണൻ കോളേജിൽ എബിവിപി സ്ഥാപിച്ച  കൊടിമരം പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ എടുത്തുമാറ്റി.എ.ബി.വി.പി പ്രവർത്തകൻ വിശാലിന്റെ ബലിദാന ദിനത്തോടനുബന്ധിച്ചാണ് പ്രവർത്തകർ കോളേജിൽ കൊടിമരം സ്ഥാപിച്ചത്.ഇതാണ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ എടുത്തുമാറ്റിയത്.ഈ കൊടിമരം തകർക്കുമെന്ന് നേരത്തെ എസ്.എഫ്.ഐ ഭീഷണി മുഴക്കിയിരുന്നു.ഇതെ തുടർന്ന് കോളേജിൽ വലിയ പൊലീസ് സന്നാഹവും സജ്ജരായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വിശാല്‍ അനുസ്മരണത്തിനായി എ.ബി.വി.പിയുടെ നേതൃത്വത്തില്‍ കോളേജില്‍ പരിപാടി സംഘടിപ്പിക്കുകയും കൊടിമരം നാട്ടുകയും ചെയ്തത്. ചടങ്ങിനു ശേഷം കൊടിമരം മാറ്റാന്‍ പോലീസും പ്രിന്‍സിപ്പലും ആവശ്യപ്പെട്ടെങ്കിലും വിദ്യാര്‍ഥികള്‍ തയ്യാറായില്ല. തുടര്‍ന്ന് പ്രിന്‍സിപ്പലിന്റെ ചുമതലയുള്ള പ്രൊഫ. കെ.ഫല്‍ഗുനന്‍ നേരിട്ടെത്തി കൊടിമരം പിഴുതുമാറ്റുകയും കോളേജിനു പുറത്തുണ്ടായിരുന്ന പോലീസിന് കൈമാറുകയുമായിരുന്നു.

അതേസമയം കൊടിമരം എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ.ഫല്‍ഗുനന്റെ വീട്ടിലേക്ക് രാത്രിയില്‍ പ്രതിഷേധ മാര്‍ച്ച്‌ നടത്തി.ഇന്നലെ രാത്രി 8.45 -ഓടെയാണ് സംഘപരിവാര്‍ സംഘടനകള്‍ പ്രിന്‍സിപ്പലിന്റെ വീട്ടിലേക്ക് മാര്‍ച്ച്‌ നടത്തിയത്. എ.ബി.വി.പി.യുടെ കൊടിമരം പ്രിന്‍സിപ്പല്‍ പിഴുതുമാറ്റിയത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണെന്നാരോപിച്ചായിരുന്നു നടപടി. അനുമതി വാങ്ങിയ ശേഷമാണ് കോളേജില്‍ കൊടിമരം നാട്ടിയതെന്നാണ് എ.ബി.വി.പി പറഞ്ഞത്. എന്നാല്‍ പരിപാടിക്കുശേഷം മാറ്റാമെന്ന ഉറപ്പില്‍ പോലീസുമായി ആലോചിച്ചാണ് കൊടിമരം സ്ഥാപിക്കാന്‍ അനുവാദം നല്‍കിയതെന്ന് അധികൃതര്‍ പറഞ്ഞു.മാര്‍ച്ച്‌ പൊലീസ് തടഞ്ഞതോടെ റോഡില്‍ പ്രവര്‍ത്തകര്‍ കുത്തിയിരിക്കുകയും ഇവരെ അഭിസംബോധന ചെയ്ത് ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതിയംഗം പി.കെ.കൃഷ്ണദാസ് സംസാരിക്കുകയും ചെയ്തു.

Previous ArticleNext Article