തിരുവനന്തപുരം:അര്‍ബുദവുമായുള്ള പോരാട്ടത്തിനിടയിലും നിരവധി പേര്‍ക്ക് പ്രചോദനമേകിയ ധീര പോരാളി നന്ദു മഹാദേവ(27) വിടവാങ്ങി.കോഴിക്കോട് എംവിആര്‍ ആശുപത്രിയില്‍ ചിത്സയിലിരിക്കെ പുലർച്ചെ 3.30 മണിക്കായിരുന്നു അന്ത്യം. ക്യാന്‍സര്‍ ബാധിതര്‍ക്ക് ആശ്വാസം പകരുന്ന സമൂഹമാദ്ധ്യമ കൂട്ടായ്മകൊണ്ടാണ് നന്ദു ഏറെ ശ്രദ്ധേയനായത്. അര്‍ബുദം ബാധിച്ചശേഷമാണ് താന്‍ ജീവിക്കാന്‍ തുടങ്ങിയതെന്ന നന്ദുവിന്റെ വാക്കുകള്‍ കേരളത്തിലെ സമൂഹമാദ്ധ്യമലോകം ഏറ്റെടുക്കുകയായിരുന്നു.തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയായ നന്ദു ‘അതിജീവനം’ കൂട്ടായ്മയുടെ മുഖ്യസംഘാടകനായിരുന്നു. സമൂഹ മാധ്യമങ്ങളിലെ അതിജീവന സന്ദേശങ്ങളിലൂടെ നിരവധിപേര്‍ക്ക് പ്രത്യാശയും ആത്മവിശ്വാസവും പകര്‍ന്നുനല്‍കിയ നന്ദു ജീവിതത്തിന്റെ ഓരോ ഘട്ടവും സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ജീവിതത്തിന്റെ ഒരു ഘട്ടത്തിലും തോറ്റുപോകരുതെന്ന് പറഞ്ഞ് മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്നയാളായിരുന്നു നന്ദു. അര്‍ബുദത്തോട് പടപൊരുതി നിരാശരായി തളര്‍ന്നുവീഴുന്ന നിരവധി പേർക്ക് നിറചിരിയോടെ നന്ദുനല്‍കിയിരുന്ന ആത്മവിശ്വാസം വളരെ വലുതായിരുന്നുവെന്നും ചികിത്സിക്കുന്ന സമയത്ത് അത്തരം ആത്മവിശ്വാസം മരുന്നിനേക്കാള്‍ ഫലം ചെയ്തിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കാലുമായിബന്ധപ്പെട്ട് ആദ്യം തിരിച്ചറിഞ്ഞ അര്‍ബുദബാധയെ തുടര്‍ന്ന് ഇടതുകാല് മുറിച്ചുമാറ്റിയെങ്കിലും അര്‍ബുദം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് ബാധിക്കുകയായിരുന്നു. രണ്ടുമാസം ആയുസ്സ് പറഞ്ഞിടത്തുനിന്ന് രണ്ടു വര്‍ഷം പോരാടിയാണ് നന്ദു മരണത്തിന് കീഴടങ്ങിയത്.