Kerala, News

കൊച്ചി- മംഗളുരു ഗെയില്‍ പ്രകൃതിവാതക പൈപ്പ്ലൈൻ പദ്ധതി പ്രധാനമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും

keralanews prime minister will inaugurate kochi mangaluru gail pipeline project today

കൊച്ചി: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൊച്ചി – മംഗളൂരു പ്രകൃതിവാതക പദ്ധതി ഇന്ന് രാവിലെ 11ന് പ്രധാനമന്ത്രി കമ്മീഷന്‍ ചെയ്യും.വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ഉദ്ഘാടനം.വീഡിയോ കോണ്‍ഫറന്‍സ് വഴി നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല, മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ, കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.കൊച്ചി ഏലൂരിലെ ഗെയില്‍ ഐ പി സ്‌റ്റേഷനാണ് ഉദ്ഘാടന വേദി.കൊച്ചി മുതല്‍ മംഗളൂരു വരെ 450 കിലോമീറ്ററിലാണ് പ്രകൃതിവാതക വിതരണം. വ്യവസായശാലകള്‍ക്ക് പുറമെ എറണാകുളം മുതല്‍ വടക്കോട്ടുള്ള ഏഴ് ജില്ലകളികളില്‍ വാഹന ഗാര്‍ഹിക വാതക വിതരണത്തിനുള്ള സാധ്യതയും ഇതിലൂടെ തുറക്കുന്നുണ്ട്.കൊച്ചിയില്‍ നിന്ന് തൃശൂര്‍ വഴി പാലക്കാട് കൂറ്റനാട് വരെയുള്ള പൈപ്പ് ലൈന്‍ 2019 ജൂണിലാണ് കമ്മീഷന്‍ ചെയ്തിരുന്നത്. 450 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പൈപ്പ് ലൈന്‍ കൊച്ചിയിലെ എല്‍എന്‍ജി റീ ഗ്യാസിഫിക്കേഷന്‍ ടെര്‍മിനലില്‍ നിന്ന് വാതകം മംഗലാപുരത്തെത്തിക്കും. 3000 കോടി രൂപ ചെലവ് വരുന്ന പദ്ധതി പരിസ്ഥിതി സൗഹൃദമാണ്.നിലവില്‍ പൈപ്പ് ലൈനിലൂടെയുള്ള വാതക വിതരണത്തിന്റെ ട്രയല്‍ നടന്നുവരികയാണ്. നാളെ മുതല്‍ പൂര്‍ണമായും വാതകം കൊടുത്തു തുടങ്ങും.വലിയ ജനകീയപ്രതിഷേധങ്ങള്‍ക്കും, വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനും ഒടുവിലാണ് പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത്. ജനവാസമേഖലയിലൂടെയുള്ള പൈപ്പിടലിനെതിരേ പ്രതിഷേധം ശക്തമായതോടെ ഒരു ഘട്ടത്തില്‍ പദ്ധതി തന്നെ മുടങ്ങുന്ന അവസ്ഥയിലെത്തിയിരുന്നു. വൈപ്പിനിലെ എല്‍എന്‍ജി ടെര്‍മിനലില്‍ നിന്ന് തുടങ്ങുന്ന വിതരണ ശൃംഖല എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ പിന്നിട്ട് മംഗളൂരുവിലെത്തും. വ്യവസായങ്ങള്‍ക്കും,വാഹനങ്ങള്‍ക്കും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും പ്രകൃതിവാതകം ഉറപ്പാക്കാം. കൊച്ചിയിലെ ഫാക്‌ട് (FACT), ബിപിസിഎല്‍ (BPCL), മംഗളൂരു കെമിക്കല്‍സ് ആന്റ് ഫെര്‍ട്ടിലൈസേഴ്‌സ് എന്നീ കമ്പനികൾക്ക് ആദ്യഘട്ടത്തില്‍ പ്രകൃതിവാതകം വിതരണം ചെയ്യും. എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള മുഴുവന്‍ ജില്ലകളിലും ടാപ് ഓഫ് സ്‌റ്റേഷന്‍ ഉള്‍പ്പടെ 28 കേന്ദ്രങ്ങളുണ്ട്. ഇവിടെ നിന്ന് കണക്ഷനെടുത്ത് വാഹനങ്ങള്‍ക്കും, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും പ്രകൃതിവാതകം വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിലേക്കെത്തിക്കാം.

Previous ArticleNext Article