തിരുവനന്തപുരം:ഓഖി ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി.ലക്ഷദ്വീപിലെ ദുരിതബാധിതരെ സന്ദർശിച്ച ശേഷമാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്.പൂന്തുറയിലെ ദുരിതബാധിതരെ സന്ദർശിച്ച പ്രധാനമന്ത്രി കാണാതായവരെ കണ്ടെത്താൻ എല്ലാ വിധ സഹായവും കേന്ദ്ര സർക്കാർ നൽകുമെന്ന് ഉറപ്പു നൽകി.ക്രിസ്തുമസിന് മുൻപായി ഇവരെ തിരിച്ചെത്തിക്കാനുള്ള എല്ലാ നടപടിയും സർക്കാർ ചെയ്യുമെന്നും ഇവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.പത്തു മിനിറ്റ് ഇവിടെ ചിലവഴിച്ച പ്രധാനമന്ത്രി പരമാവധി ആളുകളിൽ നിന്നും നേരിട്ട് പരാതി കേൾക്കാനും തയ്യാറായി.ലത്തീൻ സഭ നേതാക്കൾ പ്രത്യേക ദുരിതാശ്വാസ പാക്കേജ് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം നൽകി.ഓഖിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.മുഖ്യമന്ത്രി പിണറായി വിജയൻ,ഗവർണ്ണർ പി.സദാശിവം,മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ,മേഴ്സിക്കുട്ടിയമ്മ,കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം,വി.എസ് ശിവകുമാർ,കുമ്മനം രാജശേഖരൻ എന്നിവരും പ്രധാനമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.